ഒളിപ്പിച്ചത് മിഠായിക്കിടയിൽ; കരിപ്പൂരിൽ 23.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

കരിപ്പൂര്‍: 23.429 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ തായങ്കേരി എം.ടി.പി. വീട്ടില്‍ മഷൂദ ഷുഹൈബ് (40) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഇതിന് 23.42 കോടി വിലമതിക്കും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.
ബുധനാഴ്ച ബാങ്കോക്കില്‍നിന്ന് യുവതി അബുദാബിയിലെത്തി. അവിടെനിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2.48-ന് എത്തിയ ഇത്തിഹാദ് ഇവൈ 362 വിമാനത്തിലാണ് കരിപ്പൂരിലിറങ്ങിയത്. ലഗേജ് സ്‌കാനിങ്ങിനിടയില്‍ മിഠായി അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് ഇടയിലാണ് കഞ്ചാവ് കണ്ടെത്തിയത്. യുവതിയെ ചോദ്യംചെയ്തുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
യുവതി കഞ്ചാവുവാഹക മാത്രമാണെന്ന് കസ്റ്റംസ് പറയുന്നു. അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച മസ്‌കറ്റില്‍നിന്നു വന്ന യുവതിയില്‍നിന്ന് ഒരുകിലോ എംഡിഎംഎ കരിപ്പൂര്‍ പോലീസ് പിടികൂടിയിരുന്നു. മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കൊണ്ടുവന്നത്.
Content Highlights: woman arrested with hybrid ganja worth crores at karipur airport crime news