ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ; ശരീരം വെട്ടിമുറിച്ച്‌ പല സ്ഥലത്തായി ചാക്കിൽ ഉപേക്ഷിച്ചു

രാഹുൽ, റൂബി
രാഹുൽ, റൂബി

ലഖ്‌നൗ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാലിലാണു സംഭവം. ചന്തൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപം ചാക്കുകളിൽ ശരീരഭാഗങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് പുറത്തറിഞ്ഞത്.

ചാക്കുകൾ തുറന്നപ്പോൾ ശരീരഭാഗങ്ങൾ കഷണങ്ങളായി മുറിച്ച നിലയിൽ കണ്ടെത്തി. തലയും കൈകളും കാലുകളും വേർപെടുത്തിയ ശരീരഭാഗങ്ങൾ മുറിച്ച നിലയിലായിരുന്നു. മുറിച്ചെടുത്ത ഒരു കയ്യിൽ 'രാഹുൽ' എന്ന് ടാറ്റൂ ചെയ്തത്‌ കണ്ടെത്തിയതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.

ചന്തൗസിയിലെ ചുണ്ണി സ്വദേശിയായ ഷൂ വ്യാപാരി രാഹുലി(40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 15-ന് ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിന് ആഴ്ചകൾക്ക് മുമ്പ് നവംബർ 18-ന് രാഹുലിന്റെ ഭാര്യ റൂബി ഭർത്താവിനെ കാണാതായതായി പരാതി നൽകിയിരുന്നു. റൂബിയെ ചോദ്യം ചെയ്തപ്പോൾ അവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കൂടുതൽ അന്വേഷണം നടത്തി.

സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് സംഭവം പുനഃസൃഷ്ടിക്കുകയായിരുന്നു. റൂബി, കാമുകൻ ഗൗരവ് എന്നിവരെയും മറ്റൊരാളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലും റൂബിയും 15 വർഷമായി വിവാഹിതരായിരുന്നു, അവർക്ക് 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമുണ്ട്.

മകളുടെ മൊഴി കേസിൽ നിർണായകമായി. മാതാപിതാക്കൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും മൂന്നുപേർ പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും മധുരം കൊണ്ടുവരാറുണ്ടായിരുന്നുവെന്നും മകൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

രാഹുലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിന്റെ കാൽ, സ്‌കൂട്ടർ, ബാഗ്, ടോയ്ലറ്റ് ബ്രഷ്, ഇരുമ്പ് ദണ്ഡ്, ഇലക്ട്രിക് ഹീറ്റർ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു.

കൊലപാതകം വീടിനുള്ളിൽ നടന്നതായും പിന്നീട് ശരീരഭാഗങ്ങൾ മുറിച്ചു വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായും ഫോറൻസിക് സംഘം കണ്ടെത്തി. രാഹുലിന്റെ തലയും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Content Highlights: Wife allegedly murdered her husband with her lover`s help, dismembered his body, and disposed of the parts in various locations in Sambhal, Uttar Pradesh. Investigation ongoing.