ജനങ്ങളെ പരിഭ്രാന്തരാക്കി മദ്യലഹരിയിൽ പടക്കംപൊട്ടിച്ച് നടുറോഡിൽ പുതുവത്സരാഘോഷം; കേസെടുത്ത് പോലീസ്

#News Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാനന്തവാടി(വയനാട്): ജനങ്ങളെ പരിഭ്രാന്തരാക്കുന്ന രീതിയിൽ മദ്യലഹരിയിൽ നട്ടുച്ചയ്ക്കു നടുറോഡിൽ പടക്കംപൊട്ടിച്ച് പുതുവത്സരം ആഘോഷിച്ച മൂന്നാളുടെപേരിൽ മാനന്തവാടി പോലീസ് കേസെടുത്തു. മാനന്തവാടി വിമലനഗർ ഒഴക്കോടി കുന്നുംപുറത്ത് വീട്ടിൽ ദീപേഷ് മോഹനൻ (35), മാനന്തവാടി ചൂട്ടക്കടവ് കളത്തിൽ ഇ.കെ. പ്രജിത്ത് (34) പാണ്ടിക്കടവ് മുസ്ലിയാർ ഹൗസിൽ എം. മുനീർ (39) എന്നിവരുടെ പേരിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്താണ് വാഹനത്തിലെത്തി ഇവർ പരിഭ്രാന്തി സൃഷ്ടിച്ചത്. ബസ് സ്റ്റാൻഡ് പരിസരത്ത് പടക്കമെറിഞ്ഞശേഷം കടന്നുകളഞ്ഞ സംഘം എൽഎഫ് സ്‌കൂൾ കവലയിലും പടക്കമെറിഞ്ഞു. ഈ സമയം ഒട്ടേറെപ്പേർ സമീപത്തുണ്ടായിരുന്നു.

ഇതുവഴി വന്ന പോലീസ്, വാഹനം കൈകാണിച്ചു നിർത്തിയപ്പോൾ വാഹനമോടിച്ച ദീപേഷ് മോഹനൻ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. വാഹനത്തിൽനിന്നു സുരക്ഷാക്രമീകരണം പാലിക്കാതെ കൊണ്ടുപോവുകയായിരുന്ന പടക്കങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. മനുഷ്യജീവന് അപാകമുണ്ടാവുന്നതരത്തിൽ അശ്രദ്ധമായും മദ്യലഹരിയിലും വാഹനമോടിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Case against Three individuals in Wayanad for causing public panic by bursting firecrackers on the road while intoxicated on New Year`s. Police investigation ongoing.