വീട്ടില്‍നിന്ന് സ്‌ഫോടകവസ്തുവും മദ്യവും പിടികൂടി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അഗസ്റ്റിൻ
അഗസ്റ്റിൻ

പുല്പള്ളി(വയനാട്): കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്ന് സ്‌ഫോടകവസ്തുക്കളും വിദേശമദ്യവും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഭൂദാനംകുന്ന് വാര്‍ഡ് പ്രസിഡന്റ് മരക്കടവ് വരവൂര്‍ കാനാട്ട്മലയില്‍ അഗസ്റ്റിനെ (തങ്കച്ചന്‍-48) പുല്പള്ളി പോലീസ് അറസ്റ്റുചെയ്തു.

രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പുല്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച നിലയില്‍ സ്‌ഫോടകവസ്തുക്കളായ 15 തോട്ടയും പത്ത് കേപ്പും കര്‍ണാടക നിര്‍മിത 20 പായ്ക്കറ്റ് മദ്യവും കണ്ടെടുത്തത്.

വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ അടിയില്‍ കവറില്‍കെട്ടി സൂക്ഷിച്ചനിലയിലായിരുന്നു ഇവ. സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും അബ്കാരി നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.

എസ്ഐമാരായ കെ.വി. ഷിയാസ്, എം.പി. മനോജ്, സിപിഒ ഡാനിഷ് എന്നിവരടങ്ങിയ സംഘമാണ് അഗസ്റ്റിനെ പിടികൂടിയത്.

കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പരിധി വിടുന്നു -സിപിഎം
മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് എല്ലാ പരിധികളും വിടുകയാണെന്ന് സിപിഎം മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റി. അനുഭാവികളെ ഉള്‍പ്പെടെ ആസൂത്രിതമായി കള്ളക്കേസുകളില്‍ കുടുക്കുകയാണ്. ഏറ്റവുമൊടുവില്‍ സ്‌ഫോടകവസ്തുക്കളും കര്‍ണാടക മദ്യവുമായി പോലീസ് അറസ്റ്റുചെയ്ത കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് അഗസ്റ്റ്യനെ ചില നേതാക്കള്‍ കള്ളക്കെസില്‍ കുടുക്കിയതാണെന്ന് ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍തന്നെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ഈ ആരോപണത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണം. സി.പി. വിന്‍സെന്റ്, കെ.വി. ജോബി, പി.ജെ. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: Police seized explosives and liquor from the Wayanad home of a Congress leader,