'പോക്‌സോ കേസ് കെട്ടിച്ചമച്ചത്; ഉദ്ഘാടനങ്ങൾ ചെയ്ത് ലോകറെക്കോഡുള്ള ആളാണ് ഞാൻ, കാരണം മറ്റൊന്നുമല്ല'

തിരുവനന്തപുരം: തനിക്കെതിരേയുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്‌ളോഗര്‍ മുകേഷ് എം. നായര്‍. ഇത് കെട്ടിച്ചമച്ച കേസാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അഭിഭാഷകന്‍ മുഖേന ഇത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും സത്യസന്ധമായി കേസ് തെളിയിക്കുമെന്നും മുകേഷ് എം. നായര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. താന്‍ എവിടെയും പോയിട്ടില്ലെന്നും പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.
''വാര്‍ത്ത കണ്ട് ഞാനും ഞെട്ടിയിരിക്കുകയാണ്. ഇത് കെട്ടിച്ചമച്ച കേസാണ്. കെട്ടിച്ചമച്ച കേസാണെന്ന് തെളിയിക്കാനുളള എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. അഭിഭാഷകന്‍ വഴി അത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അതിന് സമയമെടുക്കും.
എന്നോട് ദേഷ്യമുള്ള ഒരു വ്‌ളോഗര്‍, അല്ലെങ്കില്‍ ഒരുകൂട്ടം വ്‌ളോഗേര്‍സ് ചേര്‍ന്ന് നടത്തിയ ആരോപണമാണിത്. കാരണം മറ്റൊന്നുമല്ല, ആയിരത്തിലധികം ഉദ്ഘാടനങ്ങള്‍ ചെയ്ത് ലോക റെക്കോഡുള്ള ആളാണ് ഞാന്‍. 2000-ല്‍ അധികം ബ്രാന്‍ഡ് കൊളാബറേഷനും ചെയ്തിട്ടുണ്ട്. പക്ഷേ, ഇവര്‍ക്കൊന്നും ഒരുവര്‍ക്കും കിട്ടുന്നില്ല. അത് എന്റെ കുറ്റമല്ല.
ഞാന്‍ ഒരു ബിസിനസുകാരന്‍ കൂടിയാണ്. ഇന്‍ഫ്‌ളൂവന്‍സറായി അവിചാരിതമായി മാറിയതാണ്. നല്ലൊരു ലൈഫ്‌സ്റ്റൈലില്‍ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. കുറേനാളായി ഇതിന്റെ പുകച്ചില്‍ തുടങ്ങിയിട്ട്. സോഷ്യല്‍മീഡിയയില്‍ എനിക്കെതിരേ ക്യാമ്പയിന്‍ നടന്നിട്ടുണ്ട്. ഞാന്‍ അതെല്ലാം കണ്ടില്ലെന്ന് നടിച്ച് പ്രതികരിച്ചില്ല.
ആദ്യമായിട്ടാണ് പെണ്ണുകേസ് വരുന്നത്. ഒരാളെ പെണ്ണ് കേസില്‍ കുടുക്കിയാല്‍ ഉദ്ഘാടനത്തിനും പ്രൊമോഷനും വിളിക്കാന്‍മടിക്കും. ഇതിന്റെ പിന്നിലുള്ള ആള്‍ കളിച്ച കളിയാണ്. എല്ലാ തെളിവുമുണ്ട്. കോടതിയില്‍ കേസുള്ളതുകൊണ്ട് അധികം പറയാന്‍ പറ്റില്ല. ഈ വ്‌ളോഗര്‍ പൈസ ചോദിച്ചതിനും തെളിവുണ്ട്.
ഞാന്‍ ഒരിടത്തും പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട്. പോലീസുമായി അന്വേഷണത്തിന് സഹകരിക്കും. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഒരു നിയമവിദ്യാര്‍ഥി കൂടിയാണ് ഞാന്‍. എന്നോടുള്ള ശല്യം കൂടിയപ്പോള്‍ നിയമം പഠിക്കാന്‍ പോയ വിദ്യാര്‍ഥിയാണ് ഞാന്‍. ലോ അക്കാദമിയിലെ രണ്ടാംസെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. സത്യസന്ധമായി കേസ് തെളിയിക്കും'', മുകേഷ് എം. നായര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എം. നായര്‍ക്കെതിരേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കോവളത്തെ റിസോര്‍ട്ടില്‍വെച്ച് നടന്ന റീല്‍സ് ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേയാണ് അതിക്രമമുണ്ടായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചിരുന്നു.
Content Highlights: Vlogger Mukesh M. Nair claims POSCO charges are false, presenting evidence to cour