450 കോടി രൂപയുടെ നിരോധിച്ച നോട്ട് ഉപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങി; ശശികലയ്ക്കെതിരേ സിബിഐ കേസ്

ചെന്നൈ: നിരോധിച്ച നോട്ടുപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുന്‍ നേതാവുമായ വി.കെ. ശശികലയുടെപേരില് സിബിഐ കേസെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസില്‍ സിബിഐ അന്വേഷണം നടത്തിയത്.
നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയുള്ള ആഴ്ചകളില്‍ 450 കോടിയുടെ മുഴുവനായുള്ള പണമിടപാടിലൂടെ കാഞ്ചീപുരത്തെ പദ്മാദേവി പഞ്ചസാര മില്ല് ശശികല വാങ്ങിയതായി സിബിഐയുടെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കൈമാറ്റം സംബന്ധിച്ച് മില്ലിന്റെ മാനേജരായ ഹിതേഷ് പട്ടേല്‍ 2017-ല്‍ മൊഴി നല്‍കിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ സിബിഐ ചെന്നൈ, തിരുച്ചിറപ്പള്ളി, തെങ്കാശി എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ പിടിച്ചെടുത്ത രേഖകള്‍കൂടി അടിസ്ഥാനമാക്കിയാണ് സിബിഐ കേസെടുത്തത്.
നിലവില്‍ പദ്മാദേവി മില്ല് 120 കോടിയുടെ ബാങ്ക് തട്ടിപ്പുനടത്തിയ കേസില്‍ ശശികലയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ് പരാതി നല്‍കിയത്. അന്വേഷണത്തിനിടയിലാണ് നിരോധിച്ച നോട്ടുപയോഗിച്ചാണ് മില്ല് വാങ്ങിയതെന്ന് കണ്ടെത്താനായത്.
എഫ്ഐആറില്‍ പദ്മാദേവി പഞ്ചസാര മില്ലിന്റെ ഡയറക്ടര്‍മാരായ ഹിതേഷ് ശിവഗണ് പട്ടേല്‍, ദിനേശ് ശിവഗണ് പട്ടേല്‍, തമ്പുരാജ് രാജേന്ദ്രന്, പാണ്ഡ്യ രാജ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വെങ്കട പെരുമാള്‍ മുരളി എന്നിവരെ പ്രതികളാക്കിയിട്ടുണ്ട്.
അണ്ണാ ഡിഎംകെയിലെ ഐക്യനീക്കങ്ങള്‍ക്കു പിന്നാലെ പുറത്തുവന്ന ഈ കേസ് ശശികലയുടെ രാഷ്ട്രീയനീക്കങ്ങള്‍ക്ക് തടസ്സമുണ്ടാക്കിയേക്കുമെന്നാണ് സൂചന.
Content Highlights: CBI case against Sasikala for purchasing sugar mill using demonetised notes worth ₹450 crore