കാർഡ്‌ബോർഡ് പെട്ടികൾക്കിടയിൽ രഹസ്യ അറ; കണ്ടുപിടിച്ചതോടെ അസഭ്യവർഷം; വിസ തട്ടിപ്പ് പ്രതിയെ തൂക്കി പോലീസ്

#ന്യൂസ് ഡെസ്ക്
തുളസീധരനെ പോലീസ് താഴെയിറക്കുന്നു
തുളസീധരനെ പോലീസ് താഴെയിറക്കുന്നു

സുൽത്താൻ ബത്തേരി: വയനാട്ടിൽ വിസ തട്ടിപ്പ് കേസ് പ്രതി പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി തുളസീധരനാണ് അറസ്റ്റിലായത്. വാടകവീട്ടിലെ ബർത്തിന് മുകളിൽ നിന്നാണ് തുളസീധരനെ പോലീസ് നാടകീയമായി പിടികൂടിയത്. വിസയും ജോലിയും വാഗ്ദാനംചെയ്ത് 80,000 രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്.

കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു തുളസീധരൻ. പ്രതി മീനങ്ങാടി അമ്പലപ്പടിയിലെ വീട്ടിൽ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഓയും സംഘവും ഇയാളെ തേടിവയനാട്ടിൽ എത്തിയത്. മീനങ്ങാടി പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

വീടിന്റെ ഗേറ്റ് തുറന്നിട്ടില്ലാത്തതിനാൽ മതിൽ ചാടിക്കടന്നാണ് പോലീസ് സംഘം ഉള്ളിൽ പ്രവേശിച്ചത്. കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച പോലീസിനോട് നിഷേധാത്മകമായ സമീപനമാണ് തുളസീധരന്റെ ഭാര്യ സ്വീകരിച്ചത്. പിന്നാലെ അയൽക്കാരെയും കൂട്ടി വനിതാ പോലീസിന്റെ സഹായത്തോടെ നിയമാനുസൃതമായി പോലീസ് വീടിനുള്ളിൽ കടക്കുകയായിരുന്നു.

പരിശോധനയ്ക്കിടെയാണ് മുറിയിക്കുള്ളിലെ സ്ലാബിൽ കാർഡ്‌ബോർഡ് പെട്ടികൾ അടുക്കിവെച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. സൂക്ഷ്മമായ പരിശോധനയിലാണ് തുളസീധരൻ അതിനുപിന്നിൽ ഒളിച്ചിരിക്കുന്നതായി പോലീസ് കണ്ടെത്തിയത്. പിന്നാലെ ഇയാളെ താഴെയിറക്കാനുള്ള ശ്രമം ആരംഭിച്ചു.

മുകളിലിരുന്ന് പോലീസിനുനേരെ അസഭ്യവർഷവും ശകാരവും നടത്തിയ തുളസീധരനെ കൈയോടെ താഴെയിറക്കി കസ്റ്റഡിയിലെടുത്തു. തുളസീധരൻ വീട്ടിലില്ല എന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞുകൊണ്ടിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈകാതെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. 

Content Highlights: Thulasidharan, accused in a visa fraud case, was dramatically arrested in Wayanad after evading court appearances and hiding at a relative's house. Police, with assistance from Meenangadi police, entered the house by scaling the wall and found Thulasidharan hiding behind cardboard boxes on a slab. Despite his wife's denial of his presence, Thulasidharan was taken into custody after resisting arrest and verbally abusing the police.