കൈക്കൂലി വാങ്ങിയതിന് വില്ലേജ് എക്സറ്റൻഷൻ ഓഫീസർ വീണ്ടും അറസ്റ്റിൽ; ആദ്യം അറസ്റ്റിലായത് 2016-’17-ൽ

പാറശ്ശാല: ലൈഫ് ഭവനപദ്ധതിയിൽ മൂന്നാംഘട്ടം പണം അനുവദിക്കുന്നതിന് ഗുണഭോക്താവിൽനിന്ന് 2500 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ കൊല്ലം അയത്തിൽ സ്വദേശി ടി.എസ്. സന്ദീപി(49)നെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
2016-17ൽ കൊല്ലം ജില്ലയിൽ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറായിരിക്കേ കൈക്കൂലി വാങ്ങവേ സന്ദീപിനെ വിജിലൻസ് പിടികൂടിയിരുന്നു. തുടർന്ന് സസ്‌പെൻഷനിലായിരുന്ന സന്ദീപ്, സസ്‌പെൻഷൻ കാലാവധിക്കുശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ ആദ്യ കേസ് നടക്കവേയാണ് ഇപ്പോൾ വീണ്ടും കൈക്കൂലി വാങ്ങിയതിനു പിടിയിലാകുന്നത്.
പരാതിക്കാരന് മൂന്നാം ഗഡു പണം അനുവദിക്കാൻ സന്ദീപ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ആദ്യ ഗഡു അനുവദിച്ച സമയം സന്ദീപ് പരാതിക്കാരനിൽനിന്ന് 500 രൂപയും രണ്ടാം ഗഡു കൈമാറിയപ്പോൾ 1000 രൂപയും കൈക്കൂലിയായി വാങ്ങിയിരുന്നു. മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നതിന് കാലതാമസമുണ്ടായപ്പോൾ പരാതിക്കാരൻ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് 2500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
മൂന്നാമതും പണം ആവശ്യപ്പെട്ടതോടെ ഗുണഭോക്താവ് വിജിലൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം രണ്ടാഴ്ചയോളം ഇയാളെ നിരീക്ഷിച്ചശേഷം തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടുകൂടി പ്രത്യേകം അടയാളപ്പെടുത്തിയ തുക പരാതിക്കാരനു നൽകി. ഓഫീസിൽ െവച്ച് പരാതിക്കാരനിൽനിന്ന് പണം കൈപ്പറ്റിയ ഉടനെയാണ് മഫ്തിയിലെത്തിയ വിജിലൻസ് സംഘം സന്ദീപിനെ പിടികൂടിയത്.
രണ്ടുവർഷമായി കാരോട് പഞ്ചായത്തിൽ ജോലിചെയ്യുന്ന സന്ദീപ് ലൈഫ് ഭവനപദ്ധതിയിലെ ഗുണഭോക്താക്കളിൽനിന്ന് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ ആരോപിച്ചു. കൈക്കൂലി നൽകിയാലും ഓരോഘട്ടത്തിലും കൈമാറേണ്ട പണം തടഞ്ഞുെവച്ച് ഗുണഭോക്താക്കളെ സമ്മർദത്തിലാക്കുന്നത് പതിവാണെന്നാണ് ഗുണഭോക്താക്കൾ പരാതിപ്പെടുന്നത്.
വിജിലൻസ് ഡിവൈ.എസ്.പി. ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ.മാരായ സിജു കെ.എൽ. നായർ, അനൂപ് ആർ. ചന്ദ്രൻ, ബിജോയ് എസ്., അരുൺകുമാർ തുടങ്ങിയവരുടെ പ്രത്യേക സംഘമാണ് സന്ദീപിനെ പിടികൂടിയത്.
Content Highlights: Village Extension Officer (VEO) T.S. Sandeep arrested for accepting a 2500 INR bribe. The suspect demanded bribes for releasing Life Mission housing project funds. This is a repeat offense; the officer was previously arrested for bribery in 2016-17. Vigilance team caught the suspect red-handed in Karode Panchayat office. Locals allege widespread corruption and harassment of beneficiaries.