കുട്ടിയേച്ചൊല്ലി തർക്കം, പണമിടപാട്; യുവതിയെ കഴുത്തറത്തുകൊന്ന് കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

വിജയവാഡ: പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തായ യുവതിയെ കഴുത്തറത്ത് കൊന്ന കേസിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളുകയായിരുന്നു. സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ ഷാഫി, ഇയാളുടെ കടയിലെ ജീവനക്കാരനായ ഗുരുവുലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കല്യാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഷാഫിയും യുവതിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം. ഭവാനിപുരത്തുള്ള സ്വന്തം വീട്ടിലേക്ക് കല്യാണിയെ വിളിച്ചുവരുത്തിയ ഷാഫി, പണമിടപാടുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയായിരുന്നു. പണമിടപാടിന് പുറമെ കല്യാണിയുടെ മകനുമായി ബന്ധപ്പെട്ട വിഷയത്തിലും ഇരുവർക്കുമിടയിൽ ഭിന്നതകളുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ കത്തി ഉപയോഗിച്ച് കല്യാണിയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് മൃതദേഹം ഒമ്പത് കഷണങ്ങളാക്കി മുറിച്ചു. കടയിലെ ജീവനക്കാരനായ ഗുരുവുലുവിന്റെ സഹായത്തോടെ മൃതദേഹാവശിഷ്ടങ്ങൾ ഗൊല്ലപൂഡി പ്രദേശത്തെ കൂളിങ് കനാലിൽ തള്ളുകയായിരുന്നു. തലയില്ലാത്ത മൃതദേഹം കണ്ട് പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ വിവിധയിടങ്ങളിൽനിന്നായി മറ്റു ശരീരഭാഗങ്ങൾകൂടി ലഭിച്ചു. കൈയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. പ്രചരിപ്പിച്ച ചിത്രങ്ങളിൽനിന്നാണ് കൊല്ലപ്പെട്ടത് കല്യാണിയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കല്യാണിയുടെ കൈയിൽ തൂവൽ പച്ചകുത്തിയിരുന്നു. ഇത് കണ്ടാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചതും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതും.
ഭാര്യയേയും കുട്ടികളേയും ഗുണ്ടൂരിലുള്ള വീട്ടിലേക്ക് അയച്ച ശേഷമായിരുന്നു ഷാഫി കല്യാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്നാണ് ക്രൂരകൃത്യം നടത്തിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കിയതെന്ന് പോലീസ് പറയുന്നു.
കല്യാണിയുടെ കുട്ടിയെ ഷാഫിയെ ഏൽപ്പിച്ചിരുന്നു. ഇതിന് പകരമായി കല്യാണി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നുവെന്ന് എ.സി.പി. ദുർഗ റാലു പറഞ്ഞു. നിലവിൽ കല്യാണിയുടെ കുട്ടി ഷാഫിയുടെ ഭാര്യയുടെ കൂടെയാണ്. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികളായ ഷാഫിയെയും ഗുരുവുലുവിനെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണവും മൃതദേഹാവശിഷ്ടങ്ങൾ കടത്താൻ ഉപയോഗിച്ച രീതികളും പൊലീസ് അന്വേഷിച്ചുവരികയാണ്. കൊലയ്ക്കുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. സിസിടിവികളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.
Content Highlights: A woman named Kalyani was murdered in Vijayawada over a financial dispute., The prime accused, a local butcher named Shafi, and his employee Guruvulu were arrested., The perpetrators dismembered the body into nine pieces and disposed of them in a canal., The victim was identified through a feather tattoo on her hand seen in media reports.