വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ അഫാന്റെ അറസ്റ്റ് ഉടൻ; സിനിമ,ലഹരിയുടെ സ്വാധീനം തുടങ്ങിയവ പരിശോധിക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ, സംഭവസ്ഥലത്ത് പൊലീസ് സംഘം | സ്ക്രീൻ​ഗ്രാബ്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ, സംഭവസ്ഥലത്ത് പൊലീസ് സംഘം | സ്ക്രീൻ​ഗ്രാബ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ അറസ്റ്റ് വ്യാഴാഴ്ചയുണ്ടായേക്കും. പ്രതിയുടെ മാനസികനില പരിശോധിക്കാൻ പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. സമീപകാലത്തിറങ്ങിയ സിനിമകൾ അഫാനെ സ്വാധീനിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. 

വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന രണ്ടുപേരാണ് ജീവിച്ചിരിക്കുന്നത്. പ്രതി അഫാനും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള മാതാവ് ഷെമിയുമാണവർ. രണ്ടുപേരുടേയും മൊഴി രേഖപ്പെടുത്തുക എന്നതാണ് പോലീസിനുമുമ്പിലുള്ള നിർണായകമായ കാര്യം. എലിവിഷം കഴിച്ചു എന്ന് പറഞ്ഞതുകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 72 മണിക്കൂർ നിരീക്ഷണത്തിലാണ് നിലവിൽ അഫാൻ.  ആദ്യഘട്ടത്തിൽ ചികിത്സയോട് സ​ഹകരിക്കാതിരുന്ന ഇയാൾ പിന്നീട് അതുമായി സഹകരിക്കാൻ തുടങ്ങിയിട്ടുണ്ട്. 

പ്രതിക്ക് നിലവിൽ കാര്യമായ പ്രശ്നങ്ങളില്ലെങ്കിലും കഴിച്ചത് എലിവിഷമായതിനാൽ അത് ആരോ​ഗ്യത്തെ പിന്നീട് ബാധിക്കാനുള്ള സാധ്യത ഡോക്ടർമാർ മുന്നിൽക്കാണുന്നുണ്ട്. വിഷം കഴിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനായി രണ്ടുതവണ പരിശോധന നടത്തിയിരുന്നു. രണ്ടാമത്തെ പരിശോധനയിൽ നേരിയ തോതിൽ വിഷാംശം കണ്ടെത്തി. രാസലഹരി ഉപയോഗിച്ചോയെന്നു സ്ഥിരീകരിക്കുന്നതിനായി തലമുടിയും കൈയിലെ രോമവും രക്തവും മൂത്രവും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാളുടെ കാൽപ്പാദത്തിൽക്കണ്ട രക്തക്കറയുടെ സാമ്പിളും എടുത്തിട്ടുണ്ട്. അഫാന്റെ മാനസികാരോ​ഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിൽ മാനസികാരോ​ഗ്യ വിദ​ഗ്ധരെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
 
പോലീസ് അഫാന്റെ ആദ്യഘട്ടമൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും ഒരിക്കൽ പറഞ്ഞതല്ല പിന്നീടിയാൾ പറയുന്നത്. പ്രതിയുടെ മാതാവിൽനിന്ന് പോലീസ് പ്രാഥമികമൊഴി രേഖപ്പെടുത്തിയിരുന്നു. സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലാണ് ഇവരെങ്കിലും വിശദമായി സംസാരിക്കാനാവില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ചുണ്ടിന്റെ അനക്കവും മറ്റും നോക്കിയാണ് അവർ പറയുന്നത് എന്താണെന്ന് മനസിലാക്കാനാവുന്നതെന്ന് ഡി.കെ.മുരളി എം.എൽ.എ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയത്. തന്നെ ആക്രമിച്ചെങ്കിലും മകനെ സംരക്ഷിക്കാനുള്ള നീക്കം ഇവരിൽ നിന്നുണ്ടാവുന്നുണ്ടോ എന്നാണ് സംശയം.  

അർബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സയ്ക്കുപോലും പണം ഇല്ലാത്ത അവസ്ഥ വന്നതോടെ കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നുവെന്നും എന്നാൽ, ഷെമിക്ക് ആത്മഹത്യ ചെയ്യാൻ ഭയമായിരുന്നുവെന്നും അഫാൻ കഴിഞ്ഞദിവസം മൊഴിനൽകിയിരുന്നു. തുടർന്ന് എല്ലാവരും മരിച്ചില്ലെങ്കിലോ എന്നുകരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഫാന്റെ മൊഴിയിൽ പറയുന്നു. മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയശേഷം എടുത്ത മാല ധനകാര്യസ്ഥാപനത്തിൽ പണയംവെച്ചപ്പോൾ ലഭിച്ച തുകയിൽ 40,000 രൂപ കടംവീട്ടാനുപയോഗിച്ചു. നേരത്തേ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും പോലീസിനോട് അഫാൻ സമ്മതിച്ചിട്ടുണ്ട്. 

Content Highlights: The arrest of Afan, accused in the Venjaramoodu murder case, is expected soon