വി.സി.ആറും കാസറ്റും വാടകയ്‌ക്കെടുത്ത് മുങ്ങി; 29 വർഷത്തിന് ശേഷം പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്

അറസ്റ്റിലായ അയ്യപ്പൻ
അറസ്റ്റിലായ അയ്യപ്പൻ

അഞ്ചല്‍ (കൊല്ലം): വി.സി.ആറും കാസറ്റും വാടകയ്‌ക്കെടുത്തശേഷം ഒളിവില്‍പ്പോയ ആളെ 29 വര്‍ഷത്തിനുശേഷം അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടമണ്‍ ചാലിയക്കര എസ്റ്റേറ്റിലെ മുരുകന്‍ എന്നുവിളിക്കുന്ന അയ്യപ്പനാണ് അറസ്റ്റിലായത്. അഞ്ചല്‍ തഴമേല്‍ സബീറിന്റെ ഡയാന വീഡിയോ ആന്‍ഡ് മ്യൂസിക് എന്ന കടയില്‍നിന്ന് വി.സി.ആറും മൂന്ന് കാസറ്റും വാടകയ്‌ക്കെടുത്തശേഷം ഇയാള്‍ ഒളിവില്‍പ്പോകുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം തിരുവമ്പാടി എസ്റ്റേറ്റില്‍നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

1995 ജൂലായ് ഏഴിനാണ് ഒരുദിവസത്തെ വാടകയ്ക്ക് ഇയാള്‍ സാധനമെടുത്തത്. ഇവ തിരിച്ചുനല്‍കാതെ ഇയാള്‍ ഗുജറാത്തിലേക്ക് പോയി. പിന്നീട് നാട്ടിലെത്തി പല സ്ഥലങ്ങളിലും ജോലിചെയ്തു. നിലമ്പൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തിയെങ്കിലും വിവരമറിഞ്ഞ ഇയാള്‍ അവിടെനിന്ന് മുക്കം എസ്റ്റേറ്റിലേക്ക് ജോലിക്കുപോയി. പോലീസ് പിന്തുടര്‍ന്ന് മുക്കത്തുവെച്ച് പിടികൂടുകയായിരുന്നു. 

അഞ്ചല്‍ എസ്.എച്ച്.ഒ. സാബു, എസ്.ഐ. ട്വങ്കില്‍ ശശി, സീനിയര്‍ സി.പി.ഒ. വിനോദ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: vcr and cassette theft case accused arrested after 29 years