പാട്ട് വെച്ചതിനെച്ചൊല്ലി തർക്കം; വർക്കലയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു, രണ്ടുപേർ പിടിയിൽ

#സ്വന്തം ലേഖകൻ
ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യം
ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യം

വർക്കല: വർക്കല പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് കുത്തേറ്റു. തഞ്ചാവൂർ സ്വദേശി സുദർശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ സൗത്ത് ക്ലിഫ് നടപ്പാതയിലാണ് സംഭവം. സംഭവത്തിൽ കുരയ്ക്കണ്ണി സ്വദേശി മുഹമ്മദ് അലി (18), പ്രായപൂർത്തിയാകാത്ത ഒരു യുവാവ് എന്നിവരെ പൊലീസ് പിടികൂടി. 

തഞ്ചാവൂരിൽനിന്ന് 14 സുഹൃത്തുക്കൾക്കൊപ്പമാണ് സുദർശൻ തിങ്കളാഴ്ച രാവിലെ വർക്കലയിൽ എത്തിയത്. രാത്രിയിൽ സുഹൃത്തുക്കളായ സതീശനും കുമുദനും ഒപ്പം സൗത്ത് ക്ലിഫ് നടപ്പാതയിലൂടെ ബ്ലൂടൂത്ത് സ്പീക്കറിൽ പാട്ട് കേട്ട് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

സ്പീക്കറിൽ പാട്ട് വെച്ചതിനെ പ്രദേശവാസികളായ മൂന്ന് യുവാക്കൾ ചോദ്യംചെയ്യുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് സുദർശന് കുത്തേറ്റത്.

സുദർശന്റെ വയറിന്റെ വലതുഭാഗത്തും തോളിലും മുതുകത്തും കുത്തേറ്റു. പരിക്കേറ്റ സുദർശനെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

സംഭവശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് പൊലീസ് കീഴ്പ്പെടുത്തിയത്. മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: A 19-year-old tourist from Thanjavur was stabbed at Varkala South Cliff., The incident occurred following a dispute over playing music on a Bluetooth speaker., Two suspects, including a minor, were arrested by Varkala Police., The victim is currently receiving treatment at Thiruvananthapuram Medical College Hospital., A manhunt is underway for the third absconding suspect.