4 മാസം, 10 കേസുകൾ, 22 പേർക്ക് വധശിക്ഷ; ജഡ്ജിയിൽനിന്ന് 100 കൊലപാതക കേസുകൾ മാറ്റി

മുസാഫർനഗർ: നാലുമാസത്തിനിടെ പത്തു കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ച ജഡ്ജിയിൽ നിന്നും അദ്ദേഹത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്ന നൂറോളം കേസുകൾ മാറ്റി എന്ന കൗതുകകരമായ വാർത്തയാണ് ഉത്തർപ്രദേശിൽനിന്നും പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലുള്ള ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിൽ നിന്നാണ് കേസുകൾ മാറ്റിയിരിക്കുന്നത്.
വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നൂറോളം കേസുകളാണ് ദിവാകറിൽനിന്നും ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ്ങിന്റെ കോടതിയിലേക്ക് മാറ്റിയിരിക്കുന്നത് എന്ന് ഒരു സർക്കാർ അഭിഭാഷകനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കടുത്ത വിധികളിലൂടെയാണ് അദ്ദേഹം മിക്കപ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുള്ളത്.
ദിവാകർ പരിഗണിച്ചാൽ ഈ 100 കേസുകളിലും പ്രതികൾക്ക് കോടതി വധശിക്ഷ വിധിക്കാനുള്ള സാധ്യതയെക്കുറിച്ച് അഭിഭാഷകർക്കും കക്ഷികൾക്കുമിടയിൽ ആശങ്കയുണ്ടായിരുന്നതായി ഡിസ്ട്രിക്റ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി വ്യക്തമാക്കി. 2022-ൽ വാരണാസിയിലെ ഗ്യാൻവാപി സമുച്ചയത്തിൽ വീഡിയോഗ്രഫി സർവേ നടത്താൻ ഉത്തരവിട്ടതിലൂടെ നേരത്തെ വാർത്തകളിൽ നിറഞ്ഞയാളാണ് ജഡ്ജി രവികുമാർ ദിവാകർ.
ലഖ്നൗ സ്വദേശിയായ ഈ 46-കാരൻ 2009-ൽ അസംഗഢിൽ അഡീഷണൽ സിവിൽ ജഡ്ജിയായാണ് സർവീസ് ആരംഭിച്ചത്. തുടർന്ന് 2015 മെയ് മാസത്തിൽ സുൽത്താൻപുരിൽ സിവിൽ ജഡ്ജിയായും അഞ്ച് മാസത്തിന് ശേഷം ജുഡീഷ്യൽ മജിസ്ട്രേറ്റായും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.
ബികോം, എൽഎൽഎം ബിരുദങ്ങളുള്ള ജഡ്ജി ദിവാകർ 2025 നവംബർ മുതൽ മുസാഫർനഗറിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്. ഇക്കഴിഞ്ഞ നാലുമാസത്തിനുള്ളിൽ 10 കേസുകളിലായി 22 വധശിക്ഷകളാണ് ദിവാകർ പ്രതികൾക്ക് വിധിച്ചത്.
ആ കേസുകൾ പരിശോധിക്കാം;
ഓഗസ്റ്റ് 13: 12 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ 4 പേർക്ക് വധശിക്ഷ
12 വർഷം പഴക്കമുള്ള ഒരു കൊലപാതകക്കേസിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 13-ന് അദ്ദേഹം നാല് പേർക്ക് വധശിക്ഷ വിധിച്ചു. 2014 ജൂലൈ 14-ന് ഷാംലി ജില്ലയിൽ പഴയ ശത്രുതയെത്തുടർന്ന് നടന്ന ആക്രമണത്തിനിടെ പ്രതികൾ പവൻ കുമാറെന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിൽ പവൻ കുമാർ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സഹോദരൻ അശോക് കുമാറിന് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളായ രാംവീർ, രാജീവ്, രാഹുൽ, ഹരേന്ദർ കുമാർ എന്നിവർക്കാണ് ദിവാകർ വധശിക്ഷ വിധിക്കുകയും 1.70 ലക്ഷം രൂപ പിഴയും ചുമത്തികയും ചെയ്തത്.
ഓഗസ്റ്റ് 12: 1999-ൽ മോചനദ്രവ്യത്തിനായി തടി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ
ഏകദേശം 27 വർഷങ്ങൾക്ക് മുമ്പ് മോചനദ്രവ്യത്തിനായി തടി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഓഗസ്റ്റ് 12-ന് അദ്ദേഹം ഒരു പ്രതിക്ക് വധശിക്ഷ വിധിച്ചു. 1999-ൽ സലീം എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഷാനവാസ് കുറ്റക്കാരനാണെന്ന് അദ്ദേഹം കണ്ടെത്തി.
1999 ഡിസംബർ ഒമ്പതിന് അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സലീമിനെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് ചാപ്പറിലെ ഒരു കാട്ടിൽ വെച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
ജൂലൈ 17: 2011-ലെ കർഷക കൊലപാതകക്കേസിൽ 4 പേർക്ക് വധശിക്ഷ
2011-ൽ ഷാംലി ജില്ലയിൽ നടന്ന കൊള്ളശ്രമത്തിനിടെ കർഷകനെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 17-ന് അദ്ദേഹം നാല് പേർക്ക് വധശിക്ഷ വിധിച്ചു. കർഷകനായ രാജ് സിങ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ബിജേന്ദ്രനൊപ്പം മോട്ടോർ സൈക്കിളിൽ സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോൾ തിരിച്ചറിയാത്ത ചിലർ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.
ഇവരെ കൊള്ളയടിക്കാൻ ശ്രമിച്ച പ്രതികളെ ചെറുത്തപ്പോളാണ് രാജ് സിങ് വെടിയേറ്റ് മരിച്ചത്. ശേഷം, പ്രതികൾ ബിജേന്ദ്രനെ കൈയുംകാലും കെട്ടിയിട്ട് അടുത്തുള്ള കരിമ്പിൻ തോട്ടത്തിൽ തള്ളി.
ജൂലൈ ആറ്: കൊലപാതകക്കേസിൽ മുൻ ഗ്രാമത്തലവനും കൂട്ടാളിക്കും വധശിക്ഷ
2010-ലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മുൻ ഗ്രാമത്തലവനെയും കൂട്ടാളിയെയും അദ്ദേഹം ജൂലൈ ആറിന് വധശിക്ഷയ്ക്ക് വിധിച്ചു. 2010 ഓഗസ്റ്റ് 24-ന് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശത്രുതയെ തുടർന്നാണ് കൊലപാതകം നടന്നത്.
രാജ്ബീർ സിങ് എന്ന 60-കാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ ഗ്രാമത്തലവൻ പ്രമോദ്, കൂട്ടാളി സഹദേവ് എന്നിവരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസാണ് ഇതെന്നാണ് കോടതി നിരീക്ഷിച്ചത്.
ജൂലൈ രണ്ട്: ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ദീപക്കിന് ജൂലൈ രണ്ടിന് ജഡ്ജി രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചു. 2020 ജൂൺ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹോം ഗാർഡായ രതിറാം ആണ് കൊല്ലപ്പെട്ടത്.
പ്രതി ദീപക് അയാളുടെ അമ്മയെ ആക്രമിക്കുന്നത് കണ്ട് ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന രതിറാം അവരെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ പ്രതി ദീപക്, രതിറാമിനെ കുത്തിക്കൊല്ലുകയായിരുന്നു.
ഈ കേസ് 'അപൂർവങ്ങളിൽ അപൂർവം' എന്ന വിഭാഗത്തിൽ പെടുന്നതാണെന്നും പരമാവധി ശിക്ഷ അർഹിക്കുന്ന സാഹചര്യത്തിലാണ് കൊലപാതകം നടന്നതെന്നും വ്യക്തമാക്കിയാണ് അദ്ദേഹം കേസിൽ വധശിക്ഷ വിധിച്ചത്.
ജൂൺ 20: കൊലപാതകക്കേസിൽ രണ്ടുപേർക്ക് വധശിക്ഷ
രാജേന്ദ്ര സൈനി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗജേന്ദ്ര, രാംകിരൺ എന്നീ രണ്ട് പേരെ ജൂൺ 20-ന് അദ്ദേഹം വധശിക്ഷയ്ക്ക് വിധിച്ചു. ഈ കേസും അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിലാണ് പെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
മേയ് 30: 15 വർഷം പഴക്കമുള്ള ഇരട്ടക്കൊലപാതകക്കേസിൽ 50-കാരന് വധശിക്ഷ
ഏകദേശം 15 വർഷം പഴക്കമുള്ള കേസിൽ ഒരു സ്ത്രീയെയും അവരുടെ ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തിയതിന് 50-കാരന് അദ്ദേഹത്തിന്റെ ഫാസ്റ്റ് ട്രാക്ക് കോടതി മേയ് 30-ന് വധശിക്ഷ വിധിച്ചു.
രാജേഷ് ദേവി (30), മകൻ ഹിമാൻഷു എന്നിവരാണ് 2011 നവംബർ ഏഴിന് മുസാഫർനഗർ ജില്ലയിൽവെച്ച് കൊല്ലപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രതി റഹീസ് വധശിക്ഷ അർഹിക്കുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, രാജേഷ് ദേവിയുമായി തർക്കത്തിലേർപ്പെട്ട പ്രതി റഹീസ് അവരെയും മകനെയും അടുത്തുള്ള കരിമ്പിൻ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇഷ്ടിക കൊണ്ട് പലതവണ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. നവംബർ 13-നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏപ്രിൽ 28: 2019-ലെ കൊലപാതകക്കേസിൽ സ്ത്രീക്കും മൂന്ന് മക്കൾക്കും വധശിക്ഷ
2019-ലെ ഒരു കൊലപാതകക്കേസിൽ ഒരു സ്ത്രീയെയും അവരുടെ മൂന്ന് ആൺമക്കളെയും ജഡ്ജി ദിവാകർ ഏപ്രിൽ 28-ന് വധശിക്ഷയ്ക്ക് വിധിച്ചു.
ഏപ്രിൽ ആറ്: 2019-ലെ കൊലപാതകക്കേസിൽ 3 പേർക്ക് വധശിക്ഷ
2019-ൽ മുഹമ്മദ് സമീർ എന്ന അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് മുസാഫർനഗർ ഫാസ്റ്റ് ട്രാക്ക് കോടതി മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചു.
പ്രോസിക്യൂഷൻ നൽകിയ വിവരങ്ങൾ പ്രകാരം, 45 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതികൾ സമീറിനെ 2019 ഒക്ടോബർ 15-ന് തട്ടിക്കൊണ്ടുപോവുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്.
അന്വേഷണത്തിൽ, പ്രതികൾ മറ്റൊരു പ്രതിയുടെ സഹായത്തോടെ മൃതദേഹം വേറെയൊരു സ്ഥലത്ത് ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി. പിന്നീട് സിക്രി ഗ്രാമത്തിലെ കാട്ടുപ്രദേശത്ത് നിന്നാണ് സമീറിന്റെ മൃതദേഹം കണ്ടെടുത്തത്.
Content Highlights: 100 pending murder cases transferred from Judge Ravi Kumar Diwakar to District and Sessions Judge Virendra Kumar Singh. Judge Diwakar had sentenced 22 people to death in 10 cases over a period of four months. The transfer followed apprehensions among lawyers and litigants regarding capital punishment rulings. Judge Diwakar previously handled high-profile cases including the Gyanvapi complex videography survey order in 2022.