വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ; 360 ലിറ്റർ കള്ളും കണ്ടെടുത്തു

പിടിയിലായ നാനേഷും രാധാകൃഷ്ണനും
പിടിയിലായ നാനേഷും രാധാകൃഷ്ണനും

ചിറ്റൂർ: ചിറ്റൂർ എക്സൈസ് സർക്കിളും പാലക്കാട് തോപ്പ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. പെരുമാട്ടി മല്ലൻചള്ള സ്വദേശി നാനേഷ് (32), കോരയാർചള്ള സ്വദേശി എ. രാധാകൃഷ്ണൻ (40) എന്നിവരാണ്‌ പിടിയിലായത്. വീടിനോടുചേർന്ന് നിർത്തിയിട്ട പിക്കപ്പ് വാനിൽനിന്ന് 360 ലിറ്റർ കള്ളും കണ്ടെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നാനേഷിന്റെ പെരുമാട്ടി മല്ലൻചള്ളയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 15 കന്നാസുകളിലായി സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റ്‌ പിടികൂടിയത്. കള്ള്‌ സൂക്ഷിച്ച വാനും എക്സൈസ് കസ്റ്റഡിയിലെടുത്തു.

നാനേഷ് ചെത്തുതൊഴിലാളിയും രാധാകൃഷ്ണൻ കൊല്ലം ശാസ്താംകോട്ട ഗ്രൂപ്പ് രണ്ടിൽ ഉൾപ്പെട്ട ഷാപ്പിലെ ലൈസൻസിയുമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാവേലിക്കര ഗ്രൂപ്പ് നാലിൽ ഉൾപ്പെടുന്ന ഷാപ്പുകളിലേക്ക്‌ കൊണ്ടുപോകുന്ന കള്ളിൽ കലർത്താനാണ്‌ സ്പിരിറ്റ് സൂക്ഷിച്ചതെന്ന് ഇരുവരും മൊഴി നൽകിയതായും പറഞ്ഞു.

സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ചും സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുകയാണെന്ന് ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രജനീഷ് പറഞ്ഞു.

പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസ് ഇൻസ്പെക്ടർ സജിത്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ ജിഷു ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സുജീഷ്, മധുസൂദനൻ, ടി.സി. സജീവ്, എം. ജോസ് പ്രകാശ്, എന്നിവർ പരിശോധന നടത്തി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights: two have been caught for storing spirit at home