കുമ്മാട്ടിക്കിടെ ഡാൻസ് കളിച്ചതിനെച്ചൊല്ലി സംഘർഷം, യുവാവ് കുത്തേറ്റ് മരിച്ചു; നാലുപേർ അറസ്റ്റിൽ

തൃശ്ശൂര്‍: മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മുളയം ചീരക്കാവ് സ്വദേശി അഖിലി(28)നെ കൊലപ്പെടുത്തിയ കേസിലാണ് അനന്തകൃഷ്ണന്‍, ശ്രീരാജ്, അക്ഷയ്, ജിഷ്ണു എന്നിവരെ പോലീസ് പിടികൂടിയത്. അതേസമയം, കേസിലെ മുഖ്യപ്രതികളും ഇരട്ടസഹോദരങ്ങളുമായ വിശ്വജിത്ത്, ബ്രഹ്‌മജിത്ത് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി 7.45-ഓടെ മൂര്‍ക്കനിക്കര സെന്ററില്‍ ഗവ. യു.പി. സ്‌കൂളിന് സമീപത്തുവെച്ചാണ് അഖിലിന് കുത്തേറ്റത്. കുമ്മാട്ടിക്കിടെ ഡാന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കുമ്മാട്ടിക്കിടെ ഡാന്‍സ് കളിച്ചതിനെച്ചൊല്ലി ഇരട്ടസഹോദരങ്ങളും അഖിലുമായി ആദ്യം വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇരട്ട സഹോദരന്മാര്‍ സംഭവസ്ഥലത്തുനിന്ന് തിരിച്ചുപോയിരുന്നു. പിന്നീട് ആയുധവുമായി തിരികെ വന്നാണ് ഇവര്‍ അഖിലിനെ ആക്രമിച്ചത്.
കഴുത്തില്‍ കുത്തേറ്റ അഖില്‍ 20 മീറ്ററോളം ഓടുകയും തുടര്‍ന്ന് ചോര വാര്‍ന്ന് റോഡില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. അഖിലിനെ നാട്ടുകാര്‍ ഉടന്‍തന്നെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.ജെ.പി. പ്രവര്‍ത്തകനാണ് അഖില്‍.
സംഘര്‍ഷത്തില്‍ അഖിലിനൊപ്പമുണ്ടായിരുന്ന ചിറയത്ത് ജിതിനും കുത്തേറ്റിട്ടുണ്ട്. വന്‍കുടലിന് പരിക്കേറ്റ ജിതിന്‍ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് തിരയുന്ന ഇരട്ട സഹോദരന്മാര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇരുവര്‍ക്കുമെതിരേ നേരത്തേ കാപ്പ ചുമത്തിയിരുന്നു. ഒല്ലൂര്‍ എ.സി.പി. പി.എസ്. സുരേഷ്, മണ്ണുത്തി എസ്.എച്ച്.ഒ. എസ്. ഷുക്കൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
Content Highlights: thrissur moorkanikkara kummati clash and murder case four accused arrested