പ്രകോപനം ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലുള്ള പക; യുവാവിനെ മർദിച്ചുകൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

കൊല്ലപ്പെട്ട നിതിൻ, പിടിയിലായ അഭിജിത്
കൊല്ലപ്പെട്ട നിതിൻ, പിടിയിലായ അഭിജിത്

കോഴിക്കോട്: കോടഞ്ചേരി മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അഭിജിത്തിന്റെയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. തിരുവമ്പാടി സ്വദേശി അഫ്സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. മൂന്നാമത്തെയാൾ പതിനേഴ് വയസ്സുകാരനാണ്.

നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

കോളേജ് വിദ്യാര്‍ത്ഥിയായ നിതിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെ  മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് നിതിന്‍റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ അഭിജിത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Content Highlights: three arrested for beating man to death in kodenchery kozhikode