തൊഴിയൂർ സുനിൽ വധക്കേസ്, 31 വർഷത്തിനുശേഷം മുഖ്യപ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശ്ശൂർ: ആർഎസ്എസ് പ്രവർത്തകനായിരുന്ന തൃശ്ശൂർ തൊഴിയൂരിലെ സുനിലിനെ കൊലപ്പെടുത്തുകയും കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ 31 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ആക്രമണത്തിന് നേതൃത്വം കൊടുത്ത തീവ്രവാദ സംഘടന ജംഇയ്യത്തുൽ ഇഹ്സാനിയയുടെ മുഖ്യ പ്രവർത്തകൻ വാടാനപ്പള്ളി അഞ്ചങ്ങാടി പുയ്യു വീട്ടിൽ ഷാജുദ്ദീനാ(ഷാജു-55)ണ് പിടിയിലായത്. സംഭവശേഷം വിദേശത്തേക്ക് കടന്ന പ്രതി രണ്ടാഴ്ച മുൻപ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പിടിയിലായി. 1994 ഡിസംബർ നാലിനായിരുന്നു കാലപാതകം.
കേസിലാദ്യം സിപിഎം പ്രവർത്തകരുൾപ്പെടെ ഒൻപതു പേരെ ഗുരുവായൂർ പോലീസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നാലുപേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇവരുടെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി നൽകിയ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജംഇയ്യത്തുൽ ഇഹ്സാനിയയുടെ ഒൻപതു പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയതും അഞ്ചു പേരെ അറസ്റ്റ് ചെയ്തതും.
1991-ൽ പാസ്പോർട്ട് എടുത്തിരുന്ന ഷാജുദ്ദീൻ 1995 തുടക്കത്തിലാണ് വിദേശത്തേക്ക് കടന്നത്. വിദേശത്ത് 2005, 2011, 2021 വർഷങ്ങളിൽ പാസ്പോർട്ട് പുതുക്കി. പാസ്പോർട്ടിലെ ഫോട്ടോയിൽ രൂപമാറ്റം വന്ന ഷാജുദ്ദീനെ കണ്ടെത്തുക പ്രയാസമായിരുന്നു. കേസിന്റെ പിന്നാലെ കൂടിയ കേരള പോലീസ്, 2001-ൽ ഷാജുദ്ദീൻ വിദേശത്ത് ജോലിക്കായി നൽകിയ അപേക്ഷയോടൊപ്പം സമർപ്പിച്ച ബയോഡേറ്റയും ഫോട്ടോയും കണ്ടെത്തി. അതിനെ പിൻപറ്റിയായിരുന്നു തുടരന്വേഷണം. പാസ്പോർട്ട് നമ്പറാണ് പിടികൂടുന്നതിന് തുണയായത്. പുതിയ പാസ്പോർട്ടുമായി ജൂലായ് 20-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ പിടികൂടി.
ഒൻപതു പ്രതികളിൽ ഒന്നാം പ്രതി സെയ്തലവി അൻവരി, നഹാസ് എന്നിവരെ പിടികൂടാനായില്ല. ഒരു പ്രതി മരിച്ചു. മറ്റ് ആറു പേരാണ് പിടിയിലായത്. ചേകന്നൂർ മൗലവി തിരോധാനക്കേസിൽ മുഖ്യപ്രതിയാണ് ഇൗ കേസിലെ ഒന്നാംപ്രതി സെയ്തലവി അൻവരി. അൻവരിയുടെ വലംകൈയായി പ്രവർത്തിച്ചയാളാണ് ഇപ്പോൾ പിടിയിലായ ഷാജുദ്ദീൻ.
അതേസമയം, പോലീസ് ആദ്യം പ്രതി ചേർക്കുകയും വിചാരണ കോടതി ശിക്ഷിക്കുകയും പിന്നീട് ഹൈക്കോടതി വിട്ടയയ്ക്കുകയും ചെയ്തവർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ ഈയിടെ ഉത്തരവിട്ടിരുന്നു. തെറ്റായി പ്രതി ചേർത്ത പോലീസുകാർക്ക് നേരേ നടപടി സ്വീകരിക്കാനും നിർദേശമുണ്ടായിരുന്നു.
Content Highlights: RSS worker thozhiyoor sunil murder case accused arrested after 31 years