കൈവെട്ടുകേസ്: സവാദ് കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞത് മൂന്നിടങ്ങളില്‍; ഭാര്യപോലും തിരിച്ചറിഞ്ഞില്ല

കണ്ണൂര്‍/കാസര്‍കോട്: തൊടുപുഴ ന്യൂമാന്‍ കോേളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി പെരുമ്പാവൂര്‍ അശമന്നൂര്‍ നൂലേരി മുടശ്ശേരി സവാദ് (38) കണ്ണൂരില്‍ ഒളിവില്‍ താമസിച്ചത് മൂന്നിടങ്ങളില്‍. വളപട്ടണം മന്നയില്‍ അഞ്ചുവര്‍ഷവും ഇരിട്ടി വിളക്കോട്ട് രണ്ടുവര്‍ഷവും മട്ടന്നൂര്‍ ബേരത്ത് ഒന്‍പതുമാസവുമാണ് ഒളിവുജീവിതം നയിച്ചത്.
വിവാഹശേഷം വളപട്ടണത്താണെത്തിയത്. പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായെത്തി. പ്രദേശത്തെ ഒരു പഴക്കടയിലാണ് ആദ്യം ജോലി നോക്കിയത്. ഒരുവര്‍ഷത്തിനുശേഷം മരപ്പണി പഠിക്കാന്‍ പോയി. തുടര്‍ന്ന് ഇരിട്ടി വിളക്കോട് ചാക്കാട്ടേക്ക് താമസം മാറ്റി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഇത് അറിയാമായിരുന്നതായി പോലീസ് പറയുന്നു.
ഇതിനിടെ കൈവെട്ട് കേസിന്റെ വിധി വന്നതോടെ മട്ടന്നൂര്‍ ബേരത്തേക്ക് താമസം മാറി. ഈമാസം വീണ്ടും വീട് മാറാനുള്ള നീക്കത്തിനിടയിലാണ് എന്‍.െഎ.എ. സംഘത്തിന്റെ പിടിയിലായത്. എന്‍.െഎ.എ. സംഘം സവാദിനെ അന്വേഷിച്ച് ആദ്യമെത്തിയത് കണ്ണൂര്‍ ടൗണിലും പിന്നീട് വളപട്ടണത്തുമായിരുന്നു. ഇയാള്‍ വിദേശത്ത് കടന്നെന്ന് പ്രചാരമുണ്ടായിരുന്നെങ്കിലും തിരുത്താന്‍ എന്‍.െഎ.എ. ശ്രമിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
കണ്ണൂരില്‍നിന്ന് സവാദിന്റെ ബന്ധുവിന് ഒരു ഫോണ്‍കോള്‍ വന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈലിലാണ് വിളിയെത്തിയത്. ഇതും എന്‍.െഎ.എ.യുടെ അന്വേഷണത്തിന് സഹായകമായി.
ഭാര്യപോലും തിരിച്ചറിഞ്ഞില്ല
കാസര്‍കോട് മഞ്ചേശ്വരത്തെ ഒരു നിര്‍ധന കുടുംബത്തില്‍നിന്നാണ് സവാദ് വിവാഹം കഴിച്ചത്. അവിടെയുള്ള പി.എഫ്.െഎ. നേതാവാണ് ഇതിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഓട്ടോഡ്രൈവറായ ഭാര്യാപിതാവ് മംഗളൂരുവിനടുത്ത ആരാധനാകേന്ദ്രത്തില്‍വെച്ചാണ് സവാദിനെ പരിചയപ്പെട്ടത്. അനാഥനാണെന്നും ഷാജഹാനെന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നുമാണ് അന്ന് പറഞ്ഞത്. തുടര്‍ച്ചയായ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് 10 മക്കളുടെ പിതാവായ ഓട്ടോഡ്രൈവര്‍ മകളുമായുള്ള കല്യാണം നടത്തിയത്. ഷാജഹാന്‍ എന്നപേരില്‍ തന്നെയാണ് വിവാഹം കഴിച്ചതും.
തന്നെ തിരിച്ചറിയാതിരിക്കാന്‍ താമസിക്കുന്നയിടങ്ങളില്‍ ഭാര്യയുടെ തിരിച്ചറിയല്‍ രേഖയും മഞ്ചേശ്വരത്തെ മേല്‍വിലാസവുമാണ് സവാദ് നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യുന്ന നിമിഷംവരെ ഭാര്യക്ക് ഇയാളുടെ യഥാര്‍ഥ പേരോ കൈവെട്ട് കേസിലെ പ്രതിയാണെന്നോ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ പ്രഥമാധ്യാപകനോടാണ് യഥാര്‍ഥ പേര് പറയുന്നത്. രണ്ടുപേരുണ്ടെന്നും ഷാജഹാന്‍ എന്നത് വീട്ടിലെ പേരാണെന്നും സവാദ് യഥാര്‍ഥ പേരാണെന്നും പറഞ്ഞു.
ഭാര്യയെയും സഹായിച്ചവരെയും ചോദ്യംചെയ്യും
സവാദിന്റെ ഭാര്യയെയും വിവിധ ഘട്ടങ്ങളില്‍ സഹായിച്ചവരെയും പോലീസും ചോദ്യംചെയ്യും. സവാദിനെ കസ്റ്റഡിയില്‍ വാങ്ങി എന്‍.െഎ.എ. ചോദ്യംചെയ്യും മുന്‍പുതന്നെ സഹായികളെയും പോലീസ് ചോദ്യംചെയ്യും. കഴിഞ്ഞദിവസം പോലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സിംകാര്‍ഡുകള്‍ മാറ്റിയും സ്ഥലങ്ങള്‍ മാറിയുമാണ് എറണാകുളം ഓടക്കാലിയിലെ ബന്ധുക്കളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും സവാദ് ബന്ധപ്പെട്ടതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ. സംഘം വിശ്വസിക്കുന്നത്.
തമിഴ്നാട്ടിലും ഒളിവിൽക്കഴിഞ്ഞു
മതനിന്ദ ആരോപിച്ച് കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് തമിഴ്‌നാട്ടിലും ഒളിവിൽക്കഴിഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയോട് (എൻ.ഐ.എ.) സവാദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദേശത്ത് ഒളിവിൽക്കഴിഞ്ഞെന്ന ആരോപണം ചോദ്യംചെയ്യലിൽ സവാദ് തള്ളുകയാണ്.
കൈവെട്ടിയ മഴു കണ്ടെടുക്കുന്നതും മറ്റു വിവരങ്ങൾ ലഭ്യമാകുന്നതും കേസിൽ നിർണായകമാകുമെന്നതിനാൽ അന്വേഷണസംഘം അത്തരം സാധ്യതകളും ആരായുന്നുണ്ട്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് എത്രയുംവേഗം നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. കണ്ണൂർ മട്ടന്നൂരിലെ ബേരത്തുനിന്ന് ബുധനാഴ്ച അറസ്റ്റുചെയ്ത സവാദിനെ എൻ.ഐ.എ. ചോദ്യംചെയ്യലിന് വിധേയമാക്കിയിരുന്നു. ഇതിലാണ് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞ വിവരം സവാദ് വെളിപ്പെടുത്തിയത്. ബേരത്ത് ഒന്നരവർഷംമുമ്പാണ് എത്തിയത്. അതിനുമുമ്പേ കണ്ണൂരിന്റെ വിവിധഭാഗങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നു. നേപ്പാളിലും ദുബായിലുമെല്ലാം സവാദ് ഒളിവിൽക്കഴിഞ്ഞതായി അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച വ്യക്തത എൻ.ഐ.എ.ക്കുമില്ല.
ഒന്നാംപ്രതിയായ സവാദിനെ പ്രൊഫ. ടി.ജെ. ജോസഫ് തിരിച്ചറിയേണ്ടതും കേസിൽ പ്രധാനമാണ്. തിരിച്ചറിയൽ പരേഡ് എത്രയും വേഗം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Content Highlights: newman College thodupuzha professor TJ Joseph hand chopping case accused savad nia arrest details