ജയിലിൽ എതിരേ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം; പ്രതിയെ വീടുവളഞ്ഞ് പിടികൂടി

#ന്യൂസ് ഡെസ്ക്
ആശിഷ്
ആശിഷ്

തിരുവനന്തപുരം: ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല മാർക്കറ്റിൽവെച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. പൂജപ്പുര ജയിലിലെ അസി. പ്രിസൺ ഓഫീസർ പ്രജിത്തിനെ ആക്രമിച്ച കേസിലെ പ്രതി കിള്ളിപ്പാലം സ്വദേശി ആശിഷിനെയാണ് രണ്ടുമാസത്തിനുശേഷം വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രജിത് ഭാര്യയോടൊപ്പം ചാല മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോൾ ആശിഷ് പ്രജിത്തിനെ ആക്രമിക്കുകയായിരുന്നു. പ്രതി ജയിലിൽ കിടന്നപ്പോൾ പ്രജിത്ത് ഇയാൾക്കെതിരേ ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ കാണിച്ച്‌ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയിരുന്നു.

ഈ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം. പ്രജിത്തിന്റെ ഭാര്യ ബഹളംവെച്ചതോടെ പ്രതി കടന്നുകളഞ്ഞു.

കേരളത്തിൽനിന്ന് മുങ്ങിയ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മധുരയിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും പിന്നീട്‌ ഹൈദ്രാബാദിലേക്കും കടന്നതായി വിവരം കിട്ടി. കഴിഞ്ഞ ഞായറാഴ്ച ഇയാൾ പുത്തൻകോട്ടയിലെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് ഫോർട്ട് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

ജനറൽ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിലും വഞ്ചിയൂർ കോടതിയിലെ ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലും മണക്കാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തിയ കേസിലുമടക്കം നിരവധി ക്രിമിനൽ േകസുകളിൽ പ്രതിയാണ് ഇയാൾ. കൂടാതെ മണക്കാട് വലിയ പള്ളിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള വ്യാജ ഫോൺ സന്ദേശം നൽകിയതിനും ഇയാൾക്കെതിരേ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.