പണവും പ്രതികാരവും 27 കുത്തും; അധ്യാപികയെ കൊലപ്പെടുത്തി 10-ാം ക്ലാസ് വിദ്യാർഥികൾ, പോലീസ് പിടിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തി പത്താംക്ലാസ് വിദ്യാർഥികൾ. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് താൻ പഠിപ്പിച്ചിരുന്ന വിദ്യാർഥികളുടെ തന്നെ കൈകളാൽ സ്വന്തം വീട്ടിൽവെച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11-നായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത പ്രതികൾ പണത്തിന് വേണ്ടിയും മുൻപത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു.
സംഭവദിവസം രൂപയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ അവരെ 27 തവണയാണ് കുത്തിയത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും അപഹരിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും വിദ്യാർഥികളുടെ കൈയിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട നോട്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കി.
വസ്തുതകൾ ശാസ്ത്രീയമായി വിശകലനം ചെയ്തതിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കുറ്റവാളികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചതെന്ന് നൽഗൊണ്ട എസ്.പി. ശരത് ചന്ദ്ര പവാർ പറഞ്ഞു. കൊലപാതകികളെ കണ്ടെത്താൻ പോലീസ് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും എഴുപതോളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
രൂപ റെഡ്ഡി മരണത്തിന് തൊട്ടുമുമ്പ് തന്റെ അമ്മായിയുമായി നടത്തിയ ഫോൺ സംഭാഷണമാണ് കേസിൽ നിർണായകമായ വഴിത്തിരിവായത്. ഈ സംഭാഷണത്തിനിടയിൽ അവർ അടുത്തുണ്ടായിരുന്ന ആരെയോ 'ബാബു' എന്ന് അഭിസംബോധന ചെയ്തിരുന്നു. സ്കൂളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യാൻ അവർ സാധാരണയായി ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊലപാതകം നടന്ന സമയത്ത് സ്കൂളിൽ വരാതിരുന്ന വിദ്യാർഥികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. രൂപ റെഡ്ഡിയുടെ മരണത്തെത്തുടർന്ന് സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. സ്കൂൾ വീണ്ടും തുറന്നപ്പോൾ, ഹാജരാകാതിരുന്ന 13 വിദ്യാർഥികളെ പോലീസ് കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിൽ അഞ്ചുപേർ പത്താംക്ലാസ് വിദ്യാർഥികളായിരുന്നു. ഇവരിൽ രണ്ട് വിദ്യാർഥികൾ സാധാരണയിലധികം പണം ധൂർത്തടിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടു. ഇതാണ് പ്രതികളിലേക്ക് വിരൽചൂണ്ടാൻ കാരണമായ ആദ്യത്തെ വലിയ സംശയം. ചോദ്യം ചെയ്യലിനിടെ, പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർഥിയുടെ പക്കൽ നിന്നും 1.54 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
തന്റെ മാതാപിതാക്കൾ തന്ന പണമാണി ഇത് എന്നായിരുന്നു കുട്ടിയുടെ വിശദീകരണം. എന്നാൽ വിശദമായ പരിശോധനയിൽ കറൻസി നോട്ടുകളിൽ രക്തക്കറ പറ്റിയിട്ടുള്ളത് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടു. പിന്നാലെ അവർ പണം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പോലീസിന്റെ സംശയം ശരിയായിരുന്നു, അത് രൂപ റെഡ്ഡിയുടെ തന്നെ രക്തമാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് അവർക്ക് ലഭിച്ചത്.
ഈ കണ്ടെത്തലോടെ രണ്ട് വിദ്യാർഥികൾക്കെതിരെയുള്ള സംശയം ശക്തമായ തെളിവായി മാറി. ശേഷം, കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും കൊലപാതകത്തിന് മുമ്പുള്ള ഇവരുടെ നീക്കങ്ങളെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. പോലീസ് നൽകുന്ന വിവരമനുസരിച്ച്, പ്രതികളിൽ ഒരാൾ മുമ്പ് സ്കൂൾ ഹോസ്റ്റലിലായിരുന്നു താമസം. ഇയാൾക്ക് മദ്യത്തോടും ബൈക്കുകളോടും വലിയ താൽപര്യമുണ്ടായിരുന്നു.
ഒരു തവണ രൂപ റെഡ്ഡി ഈ കുട്ടിയുടെ ബാഗിൽ നിന്നും പണവും ഫോണും കണ്ടെത്തുകയും അതിന്റെ പേരിൽ അവനെ ശകാരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന ഈ വിദ്യാർഥിയെ രൂപ അവിടെനിന്ന് പുറത്താക്കുകയും വീട്ടിൽനിന്നും പോയിവരുന്ന രീതിയിൽ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.
ഈ നടപടിയിൽ വിദ്യാർഥിക്ക് പ്രിൻസിപ്പലിനോട് കടുത്ത ദേഷ്യവും വൈരാഗ്യവും ഉണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകം നടക്കുന്നതിന് ഒരു മാസം മുമ്പ് ഈ വിദ്യാർഥി ഗോവയിലേക്ക് യാത്ര ചെയ്തിരുന്നതായും പണം സമ്പാദിക്കാനുള്ള മറ്റ് വഴികൾ അന്വേഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കൊലപാതകം നടക്കുന്നതിന് അഞ്ച് ദിവസം മുമ്പ് ഇയാൾ രൂപ റെഡ്ഡിയുടെ വീടും പരിസരവും നിരീക്ഷിച്ചതായും പോലീസ് പറയുന്നു. സ്കൂൾ ഫീസായി പിരിച്ചെടുക്കുന്ന പണം പ്രിൻസിപ്പലിന്റെ വീട്ടിൽ സൂക്ഷിക്കാറുണ്ടെന്ന വിവരം പ്രതികൾ മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾ കൊലപാതകം ആസൂത്രണം ചെയ്തത്.
ഓഗസ്റ്റ് 11-ന് രൂപ റെഡ്ഡി സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയത് ഒളിച്ചിരുന്ന നിരീക്ഷിച്ചിരുന്ന പ്രതികൾ മതിൽ ചാടിക്കടന്നാണ് വീട്ടുവളപ്പിൽ പ്രവേശിച്ചത്. മുഖംമൂടി ധരിച്ചിരുന്ന ഇരുവരും വീടിനുള്ളിൽ പ്രവേശിച്ചാണ് പ്രിൻസിപ്പലിനെ ആക്രമിച്ചത്. എന്നാൽ ആക്രമണത്തിനിടയിൽ ഒരു പ്രതിയുടെ മുഖംമൂടി അഴിഞ്ഞുവീണു. ഇതോടെ രൂപ റെഡ്ഡിക്ക് ഈ വിദ്യാർഥിയെ തിരിച്ചറിയാൻ കഴിഞ്ഞു.
തങ്ങളെ തിരിച്ചറിഞ്ഞതോടെ പ്രതികൾ കത്തി ഉപയോഗിച്ച് രൂപ റെഡ്ഡിയെ ക്രൂരമായി അക്രമിക്കുകയും 27 തവണ കുത്തുകയും ചെയ്തു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന പണവും പ്രിൻസിപ്പലിന്റെ മൊബൈൽ ഫോണുമായി അവർ രക്ഷപ്പെട്ടു. പിന്നീട് ഇവരിൽ നിന്നും 1.54 ലക്ഷം രൂപയും, ഒരു ഐഫോണും, രൂപ റെഡ്ഡിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
പ്രതികൾ മുൻപ് രൂപ റെഡ്ഡി തന്നെ പഠിപ്പിച്ചിരുന്ന വിദ്യാർത്ഥികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്ന് എസ്.പി. ശരത് ചന്ദ്ര പവാർ പറഞ്ഞു. പ്രതികൾ രണ്ടുപേരും പ്രായപൂർത്തിയാകാത്തവർ ആയതിനാൽ ഇവരെ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: A school principal in Telangana's Nalgonda district was murdered by two Class 10 students. The accused stabbed the victim 27 times to steal money and a mobile phone. Police cracked the case using CCTV footage, blood-stained currency notes, and a crucial clue from a phone call. Both minor suspects have been detained and will be presented before the Juvenile Justice Court.