പേരുമാറ്റം, ബുർഖ പഠനം, മലേഷ്യയിലേക്ക് കടത്താൻ ശ്രമം; നിദ ഖാനെതിരെ തെളിവുകളുണ്ടെന്ന് SIT കോടതിയിൽ

നാസിക്: നാസിക്കിലെ ടിസിഎസ് (TCS) ഓഫീസിൽ മതവികാരം വ്രണപ്പെടുത്തിയെന്നും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്നുമുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ നിദ ഖാൻ സഹപ്രവർത്തകയെ ഇസ്ലാം മതത്തിലേക്കും മതപരമായ ആചാരങ്ങളിലേക്കും ആകർഷിക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങൾ സംബന്ധിച്ച് തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) തിങ്കളാഴ്ച നാസിക് കോടതിയെ അറിയിച്ചു.
പരാതിക്കാരിയെ ബുർഖ ധരിക്കാൻ പഠിപ്പിച്ചതായും വിദേശത്ത് ജോലി വാഗ്ദാനം നൽകി മലേഷ്യയിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടതായും പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ, പ്രതിഭാഗം അഭിഭാഷകൻ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. നിദ ഖാനായി പോലീസ് ഇപ്പോഴും അന്വേഷണം തുടരുകയാണ്.
കേസിലെ മലേഷ്യ ബന്ധത്തെക്കുറിച്ച് ഇന്ത്യ ടുഡേയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. നിദ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് മിശ്ര ഇക്കാര്യം കോടതിയിൽ വ്യക്തമാക്കി. മതപരമായ ആചാരങ്ങൾ പഠിപ്പിച്ചുകൊണ്ട് പരാതിക്കാരിൽ ഒരാളെ ഇസ്ലാം മതം സ്വീകരിക്കാൻ നിദ ഖാൻ പ്രേരിപ്പിച്ചു എന്നതിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
പരാതിക്കാരിക്ക് ബുർഖ നൽകുകയും മതഗ്രന്ഥങ്ങൾ നൽകിയും ഫോണിൽ മതപഠനത്തിനുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തും മതപരമായ ആചാരങ്ങൾ പരിചയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, നിദ ഖാൻ പരാതിക്കാരിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പ്രാർത്ഥനകൾ നടത്താനും ഹിജാബും ബുർഖയും ധരിക്കാനും പഠിപ്പിക്കാറുണ്ടായിരുന്നു.
പരാതിക്കാരിയുടെ പേര് 'ഹാനിയ' എന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായും ആരോപണമുണ്ട്. ഇവരുടെ ഫോണിൽനിന്ന് മതപരമായ റീലുകൾ, യൂട്യൂബ് ലിങ്കുകൾ, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നാസിക്കിന് പുറത്തേക്ക് മലേഗാവിലേക്കും മലേഷ്യയിലേക്കും നീളുകയാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൂട്ടുപ്രതിയായ ഡാനിഷ് ഷെയ്ഖ് പരാതിക്കാരിയുടെ വിദ്യാഭ്യാസരേഖകളും മറ്റ് പ്രധാന രേഖകളും കൈവശപ്പെടുത്തിയതായും ഇവ മലേഗാവിലെ ഒരു സംഘത്തിന് കൈമാറാൻ ഇരുന്നതായും ആരോപിക്കപ്പെടുന്നു. ഇമ്രാൻ എന്ന വ്യക്തി മുഖേന പരാതിക്കാരിയെ ജോലിക്ക് എന്ന പേരിൽ മലേഷ്യയിലേക്ക് അയക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.
ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. നിദ ഖാൻ നിലവിൽ ഒളിവിലാണെന്നും കൂടുതൽ പേരെ ഇത്തരത്തിൽ ലക്ഷ്യമിട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ അവരുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കേണ്ടതുണ്ടെന്നും മിശ്ര കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചാൽ നിദ ഖാൻ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച നിദ ഖാന്റെ അഭിഭാഷകൻ രാഹുൽ കാസ്ലിവൽ, മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമമില്ലെന്ന് പറഞ്ഞു. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയിട്ടുള്ള കുറ്റങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതുമായി മാത്രമുള്ളതാണെന്നും യഥാർത്ഥത്തിൽ മതപരിവർത്തനം നടന്നിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. കേസിൽ ഒന്നിന് പകരം ഒമ്പത് എഫ്.ഐ.ആറുകൾ ഫയൽ ചെയ്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. മെയ് രണ്ടിന് കോടതി ഈ കേസ് വീണ്ടും പരിഗണിക്കും.
Content Highlights: Prosecutors reveal investigation has expanded to Malegaon and Malaysia. Accused Nida Khan allegedly attempted to influence a complainant to adopt Islam. Evidence includes forced burqa lessons and plans to rename the complainant to 'Hania'. Defense argues no law against religious conversion exists in Maharashtra. Court hearing adjourned to May 2 with Nida Khan currently absconding.