അടുത്ത തവണ കൂടുതല്‍ നന്നാകുമെന്ന് സൂരജ് രേവണ്ണ പറഞ്ഞു; 27-കാരനെതിരെ നടന്നത് ക്രൂര പീഡനമെന്ന് FIR

പോലീസ് കസ്റ്റഡിയിലുള്ള സൂരജ് രേവണ്ണയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു | Photo: Press Trust of India
പോലീസ് കസ്റ്റഡിയിലുള്ള സൂരജ് രേവണ്ണയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു | Photo: Press Trust of India

ബെംഗളൂരു: ജെ.ഡി.എസ്. പ്രവര്‍ത്തകനായ 27-കാരനെ പീഡിപ്പിച്ചുവെന്ന കേസില്‍ കര്‍ണാടക എം.എല്‍.സി. സൂരജ് രേവണ്ണയ്‌ക്കെതിരായ എഫ്.ഐ.ആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഹാസന്‍ ജില്ലയിലെ ഗന്നികഡയിലുള്ള ഫാം ഹൗസില്‍ വെച്ച് ജൂണ്‍ 16-ന് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 'അടുത്ത തവണ കൂടതല്‍ നന്നാകു'മെന്ന് ഇരയോട് പറഞ്ഞതായും എഫ്.ഐ.ആറില്‍ പറയുന്നു. മുന്‍ എം.പിയും നാനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയുമായ പ്രജ്ജ്വല്‍ രേവണ്ണയുടെ സഹോദരനും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമാണ് സൂരജ് രേവണ്ണ. 

എഫ്.ഐ.ആറില്‍ പറയുന്നത്

സൂരജ് രേവണ്ണയുടെ ക്ഷണപ്രകാരമാണ് ജെ.ഡി.എസ്. പ്രവര്‍ത്തകന്‍ ഫാം ഹൗസില്‍ എത്തിയത്. സൂരജിന്റെ മുറിയിലെത്തിയ പ്രവര്‍ത്തകനെ സൂരജ് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഭയന്ന് വിറച്ചുപോയതിനാല്‍ തനിക്ക് ശക്തമായി പ്രതികരിക്കാന്‍ സാധിച്ചില്ലെന്നാണ് ഇരയാക്കപ്പെട്ട 27-കാരന്‍ പറഞ്ഞത്. നിര്‍ത്താന്‍ താന്‍ സൂരജിനോട് ആവശ്യപ്പെട്ടപ്പോള്‍ താന്‍ രാഷ്ട്രീയസ്വാധീനമുള്ളയാളാണെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ഇര പറയുന്നു. 

സഹകരിച്ചാല്‍ തനിക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് സൂരജ് വാഗ്ദാനം ചെയ്തുവെന്നും ഇരയായ യുവാവ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് യുവാവിനെ വലിച്ചിഴച്ച് കിടപ്പുമുറിയില്‍ എത്തിക്കുകയും കവിളില്‍ കടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു. ശേഷം എതിര്‍പ്പ് വകവയ്ക്കാതെ ബലം പ്രയോഗിച്ച് സൂരജ് ലൈംഗികബന്ധം നടത്തി. അതിന് ശേഷമാണ് 'അടുത്ത തവണ കൂടുതല്‍ എളുപ്പമാകും' എന്ന് സൂരജ് ഇരയോട് പറഞ്ഞത്.

തന്നെ അനുസരിക്കുകയും താന്‍ വിളിക്കുമ്പോഴെല്ലാം വരികയും ചെയ്താല്‍ ശോഭനമായ രാഷ്ട്രീയഭാവിയുണ്ടാകുമെന്നും സൂരജ് വാഗ്ദാനം ചെയ്തു. നന്നായി സഹകരിക്കാത്തതിന് തന്നോട് മാപ്പ് പറയാനും വീട്ടിലെത്തിയാല്‍ മെസേജ് അയക്കണമെന്നും സൂരജ് യുവാവിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ജെ.ഡി.എസ്. പ്രവര്‍ത്തകനായ യുവാവ് വിഷാദത്തിലായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ സൂരജ് രേവണ്ണ നിഷേധിച്ചു.  

Content Highlights: In Suraj Revanna Sexual Assault Case, FIR Says He Told Victim 'It'll Be Better Next Time'