കോടതി സൂക്ഷിക്കാനേൽപ്പിച്ച ഏഴുചാക്ക് ഹാൻസ് സ്റ്റേഷനിൽനിന്ന് കടത്തി; പോലീസുകാരന് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്
സബിത്
സബിത്

സുൽത്താൻബത്തേരി: കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷണംപോയ സംഭവത്തിൽ പ്രതിയെന്ന് കണ്ടെത്തിയ പോലീസുകാരനെ സസ്പെന്റ് ചെയ്തു. ബത്തേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയാണ് സബിത്തിനെതിരെ നടപടി സ്വീകരിച്ചത്. ഇയാൾ നിലവിൽ ഒളിവിലാണെന്നാണ് സൂചന.

സുൽത്താൻബത്തേരി പോലീസ് സ്റ്റേഷനിൽനിന്നാണ് ഏഴുചാക്ക് പുകയില ഉത്പന്നങ്ങൾ മോഷണംപോയത്. ജൂൺ 26 മുതൽ പോലീസ് സ്റ്റേഷൻ വളപ്പിൽതന്നെയുള്ള കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽനിന്നാണ് ഏഴുചാക്കുകൾ മോഷണംപോയത്. കഴിഞ്ഞ വ്യാഴാഴ്ച സ്റ്റേഷൻ റൈട്ടറുടെ നേതൃത്വത്തിൽ ഈ മുറി വൃത്തിയാക്കാനായി തുറന്ന് പരിശോധിച്ചപ്പോളാണ് മുതലുകൾ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്.

ജൂൺ ഏഴിന് ബീനാച്ചി ദൊട്ടപ്പൻകുളത്ത് പള്ളിക്കണ്ടി സ്വദേശി ഇസ്ഹാഖ് താമസിച്ചിരുന്ന വീട്ടിൽനിന്ന് പിടിച്ചെടുത്തതായിരുന്നു ഇവ. അലമാരയുടെ പിന്നിൽ രഹസ്യഅറയുണ്ടാക്കി ഏഴുചാക്കുകളിലായി സൂക്ഷിച്ച 12,000 പാക്കറ്റ് ഹാൻസും 1800 പാക്കറ്റ് കൂൾലിപ്പും പുറത്ത് കാറിൽ നിന്ന് ഒരുചാക്ക് പുകയില ഉത്പന്നവുമാണ് പിടിച്ചെടുത്തത്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിൽ ഹാജരാക്കിയ ഇവ സ്വീകരിച്ച കോടതി വീണ്ടും സൂക്ഷിക്കുന്നതിനായി പോലീസിനെ ഏൽപ്പിച്ചതായിരുന്നു.

സി.സി.ടി.വി. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സബിത്ത് തന്നെയാണ് ഏഴുചാക്ക് ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. ജൂൺ 26-ന് കോടതിയിൽനിന്ന് തിരികെ സ്റ്റേഷനിലെത്തിച്ച ചാക്കുകളാണ് സ്റ്റോർമുറിയിൽ സൂക്ഷിച്ചത്. സ്റ്റേഷനിലെയും പരിസരങ്ങളിലെയും അന്നുമുതലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചപ്പോൾ രാത്രിയിലാണ് കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു.

പോലീസുകാരന് കൂടുതൽപ്പേരുടെ സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണം കൃത്യമായ വഴിയിൽ മുന്നോട്ടുപോകുകയാണെന്ന് ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം പറഞ്ഞു. അന്വേഷണസംഘത്തിന് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. കുറ്റക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.