ഹാൻസ് ചാക്കുകൾ കൊണ്ടുപോയി, കേസായെന്നറിഞ്ഞപ്പോൾ തിരിച്ചെത്തിച്ചു; തൊണ്ടിമുതൽ കണ്ടെടുത്ത് പോലീസ്

#ന്യൂസ് ഡെസ്ക്
കല്പറ്റയിൽ തൊണ്ടിമുതലുകൾ സൂക്ഷിച്ച സ്ഥലത്ത് പ്രതി സബിത്തുമായി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തുന്നു
കല്പറ്റയിൽ തൊണ്ടിമുതലുകൾ സൂക്ഷിച്ച സ്ഥലത്ത് പ്രതി സബിത്തുമായി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തുന്നു

സുൽത്താൻബത്തേരി: പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയും മോഷണം പോവുകയും ചെയ്ത തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് തെളിവെടുപ്പിൽ കണ്ടെടുത്തു. പ്രതി ബത്തേരി സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ടി. സബിത്തിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ബത്തേരി ഡിവൈ.എസ്.പി. ഓഫീസിന് സമീപത്തെ പഴയ പോലീസ് ക്വാർട്ടേഴ്സിൽനിന്ന് ഇവ കണ്ടെടുത്തത്. സ്റ്റേഷനിൽനിന്ന് കൽപറ്റയിലേക്ക് കൊണ്ടുപോയ ചാക്കുകൾ കേസായിയെന്നറിഞ്ഞപ്പോൾ പ്രതിതന്നെയാണ് ഇവിടെ എത്തിച്ചതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു.

സബിത്ത് സ്റ്റേഷനിൽ ജി.ഡി. ഡ്യൂട്ടിയിലുണ്ടായ ജൂലായ് 19-ന് രാത്രി ഒന്നിനുശേഷമാണ് വളപ്പിലെ കെട്ടിടത്തിലുള്ള സ്റ്റോർമുറിയിൽ സൂക്ഷിച്ചിരുന്ന ഹാൻസ് കാറിൽ കടത്തിയത്. സ്വന്തംകാറിലേക്ക് പലതവണയായി ചാക്കുകൾ എടുത്തുവെക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ സ്റ്റേഷനിലെ സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു. 20-ന് രാവിലെ എട്ടിന് ഡ്യൂട്ടി കഴിഞ്ഞ് സാധാരണപോലെ കാറുമെടുത്ത് സബിത്ത് പുറത്തേക്ക് പോയി. തുടർന്ന് ഹാൻസ് ചാക്കുകൾ കൽപറ്റയിലുള്ള സുഹൃത്തിന്റെ വർക്ഷോപ്പ് സാധനങ്ങൾ സൂക്ഷിക്കുന്ന പഴയ ഗോഡൗണിനോട് ചേർന്ന മുറിയിൽ കൊണ്ടുവെക്കുകയായിരുന്നു. കുറേദിവസങ്ങൾ ചാക്കുകൾ അവിടെത്തന്നെ വെച്ചു. എന്നാൽ, സെപ്റ്റംബർ പത്തിന് സ്റ്റേഷനിലെ സ്റ്റോർമുറി വൃത്തിയാക്കുന്നതിനായി സ്റ്റേഷൻ റൈട്ടർ തുറന്നപ്പോഴാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. പിറ്റേന്ന് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതി സബിത്താണെന്ന് ബോധ്യപ്പെടുകയും പ്രതിചേർക്കുകയും ചെയ്തു. ഇതിനിടെ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്ന സബിത്ത് ഫോൺ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങിയിരുന്നു. പ്രതിയാക്കിയതിന്റെ പിറ്റേന്ന് പുലർച്ചെ കൽപറ്റയിൽനിന്ന് ചാക്കുകൾ പ്രതിതന്നെ ബത്തേരിയിലെ ക്വാർട്ടേഴ്സിൽ എത്തിക്കുകയായിരുന്നെന്നും പ്രതി കുറ്റംസമ്മതിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം പറഞ്ഞു.

സ്റ്റേഷനിൽനിന്ന് 500 മീറ്റർ അകലെയുള്ള ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സിലാണ് ചാക്കുകൾ എത്തിച്ചത്. തുടർന്ന് മുങ്ങിയ പ്രതി കൊച്ചിയിലെത്തി ചില ദൃശ്യമാധ്യമങ്ങളിലൂടെ സ്റ്റോർമുറിക്ക് പുറത്ത് കിടക്കുന്നതുകണ്ട ഹാൻസ് ചാക്കുകളെടുത്ത് ഡിവൈ.എസ്.പി. ഓഫീസിന് പിന്നിലെ ക്വാർട്ടേഴ്സിലേക്ക് ഭദ്രമായി കൊണ്ടുപോയിവെക്കുകയാണ് ചെയ്തതെന്നും ഇവ അവിടെയുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തില്ല. വിശദമായ അന്വേഷണത്തിനൊടുവിൽ 20-നാണ് എറണാകുളം മഞ്ഞുമ്മലിലെ ഒളിയിടത്തിൽനിന്ന് സബിത്തിനെ അന്വേഷണസംഘം പിടികൂടിയത്. തുടർന്ന് ബത്തേരിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പൻകുളത്തെ വീട്ടിൽനിന്ന് പോലീസ് പിടിച്ചെടുത്ത ഹാൻസും കൂൾലിപ്പുമടക്കമുള്ള നിരോധിത പുകയില ഉത്പന്നങ്ങളാണ് ജൂൺ 26 മുതൽ സ്റ്റോർറൂമിൽ സൂക്ഷിക്കാൻ തുടങ്ങിയത്. ശനിയാഴ്ച രാവിലെ പ്രതിയെയും തെളിവെടുപ്പിൽ കണ്ടെടുത്ത തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.

ഡി.ഐ.ജി.യുടെ അഭിനന്ദനം നേടി അന്വേഷണസംഘം

പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പ്രതിയെ കണ്ടെത്തി പിടികൂടിയ അന്വേഷണസംഘത്തിന് ഉത്തരമേഖലാ ഡി.ഐ.ജി. കാർത്തിക്കിന്റെ അഭിനന്ദനക്കത്ത്. ശനിയാഴ്ചയാണ് അഭിനന്ദനം അറിയിച്ചുള്ള കത്ത് അന്വേഷണസംഘത്തിന് ലഭിച്ചത്. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. ബസ് തകരാറിലായി രാത്രിയിൽ വനമേഖലയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിയതിനും ജില്ലയെ ആകെ വിറപ്പിച്ച മാലപൊട്ടിക്കൽസംഘത്തെ പിടികൂടിയതിനുമടക്കമുള്ള കേസുകളിലെ മികവിനാണ് അഭിനന്ദനം.

Content Highlights: Seven sacks of stolen Hans recovered from an abandoned police quarters near Bathery DySP office., Accused Senior CPO T. Sabith confessed to stealing the evidence from the station store room., Sabith was arrested from his hideout in Kalamassery, Ernakulam and remanded., Investigation team received appreciation letter from North Zone DIG Karthik for cracking the case.