എന്നെ അവര്‍ കരുവാക്കിയതാണ്, വീരേന്ദ്ര ഹെഗ്‌ഡെയോട് മാപ്പ് പറയണം; ധര്‍മസ്ഥല വിവാദത്തില്‍ സുജാത ഭട്ട്

സുജാത ഭട്ട്| Photo: screen grab
സുജാത ഭട്ട്| Photo: screen grab

ബെംഗളൂരു:  ധര്‍മസ്ഥല വിവാദത്തില്‍ ക്ഷേത്ര അധികാരി വീരേന്ദ്ര ഹെഗ്‌ഡെയോട് തനിക്ക് മാപ്പ് പറയണമെന്ന് സുജാത ഭട്ട്. പലരും തന്നെ കരുവായി ഉപയോഗിക്കുകയായിരുന്നുവെന്നും ഗിരീഷ് മട്ടന്നവരും ടി. ജയന്തും ഉൾപ്പടെയുള്ളവരുടെ ആസൂത്രണത്തിന്റെ ഭാഗമായാണ് താന്‍ കേസില്‍ കക്ഷിയായതെന്നും സുജാത ഭട്ട് പറയുന്നു.

1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധര്‍മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയതാണ് വിവാദങ്ങളുടെ തുടക്കം. അതിന് പിന്നാലെയാണ്‌ മെഡിക്കല്‍ വിദ്യാര്‍ഥിയായ തന്റെ മകളെ ധര്‍മസ്ഥലയില്‍ 2003-ല്‍ കാണതായെന്ന ആരോപണവുമായി സുജാത ഭട്ട് രംഗത്ത് വന്നത്. എന്നാല്‍, കേസന്വേഷണം മുന്നോട്ട് പോയപ്പോള്‍ തെളിവുകളെല്ലാം വാദികള്‍ക്ക് എതിരായി. ഇതോടെ താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് സുജാത ഭട്ട് വെളിപ്പെടുത്തി. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.

സുജാത ഭട്ട് അന്ന് പറഞ്ഞത്

തന്റെ മകള്‍ അനന്യ ഭട്ട് മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്‍ അഡ്മിഷന്‍ രേഖകള്‍ നിലവിലില്ലെന്ന് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) കണ്ടെത്തി. പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ അവര്‍ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല. സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല, മറിച്ച് സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും അവരുടെ സഹോദരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

പോലീസ് പുറത്തുവിട്ട വിവരങ്ങള്‍

സുജാത ഭട്ടിന് കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ല. 40 വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയതാണ്. 2005 വരെ ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകര്‍ ബാലിഗയ്‌ക്കൊപ്പമാണ് സുജാത താമസിച്ചിരുന്നത്. പിന്നീട്, അവര്‍ ബെംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി. ബിഇഎല്‍ ജീവനക്കാരനായിരുന്ന രംഗപ്രസാദ്, ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. രംഗപ്രസാദിന്റെ മകന്‍ ശ്രീവത്സയും മരുമകള്‍ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍, സുജാത ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടില്‍ വരികയായിരുന്നു. പിന്നീട് അവര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രംഗപ്രസാദിന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മകന്‍ ശ്രീവത്സനെയും മരുമകളെയും കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് ശ്രീവത്സയില്‍നിന്ന് വേര്‍പിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ വാസന്തി 2007-ല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു. ഇത് അവരുടെ കുടുംബ സ്വത്തിന്മേല്‍ നിയന്ത്രണം ഉറപ്പിക്കാന്‍ സുജാതയെ സഹായിച്ചു. ഒടുവില്‍ സുജാത ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി, അതേസമയം രംഗപ്രസാദിന് വീടില്ലായിരുന്നു. ശ്രീവത്സ 2015 ല്‍ മരിച്ചു. കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ രംഗപ്രസാദ് ഈ വര്‍ഷം ജനുവരി 12-ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Sujatha Bhat apologizes to Virendra Hegde, claiming she was used as a pawn in the Dharmasthala controversy. Details of the allegations and investigation.