ക്ലാസുകൾ ഓൺലൈനിലേക്ക് മാറാൻ കടുംകൈ; ഗുരുഗ്രാമിൽ ബോംബ് ഭീഷണി സന്ദേശം അയച്ചത് വിദ്യാര്‍ഥി

പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ഗുരു​ഗ്രാം: സ്വകാര്യ സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അയച്ചത് അതേ സ്‌കൂളിലെ വിദ്യാര്‍ഥി. ഹരിയാണയിലെ ഗുരു​ഗ്രാമിലെ സ്‌കൂളിനാണ് അതേ സ്‌കൂളിലെ വിദ്യാര്‍ഥി ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം അയച്ചത്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറാനായാണ് വിദ്യാര്‍ഥി ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. 

ബുധനാഴ്ചയാണ് ഗുരു​ഗ്രാമിലെ സെക്ടര്‍ 65-ലെ ശ്രീറാം മില്ലേനിയം സ്‌കൂളിന് ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സന്ദേശം അയച്ചത് അതേ സ്‌കൂളിലെ 12-കാരനായ വിദ്യാര്‍ഥിയാണെന്ന് കണ്ടെത്തിയത്. 

ക്ലാസുകള്‍ ഓണ്‍ലൈനായി മാറാന്‍ വേണ്ടിയാണ് താന്‍ ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു. ഗൗരവം മനസിലാക്കാതെയാണ് താനിത് ചെയ്തതെന്നും കുട്ടി പറഞ്ഞു. അന്വേഷണവുമായി കുട്ടി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 
 

Content Highlights: Student sends Gurugram school bomb threat e-mail to shift classes to online mode