സ്വിമ്മിങ് പൂളിൽ വിദ്യാർഥി ഷോക്കേറ്റുമരിച്ച സംഭവം; റിസോർട്ട് നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി: വിനോദസഞ്ചാരിയായ എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റുചെയ്തു. കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ലയെന്ന റിസോർട്ട് നടത്തിപ്പുകാരൻ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മൽ വീട്ടിൽ സി.കെ. ഷറഫുദ്ദീൻ (32) ആണ് പിടിയിലായത്. വൈദ്യുതത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും പരിഹിരിക്കാതെ വിദ്യാർഥികൾക്ക് സ്വിമ്മിങ് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റുചെയ്തത്. മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തിലാണ് ഷറഫുദ്ദീനെ അറസ്റ്റുചെയ്തത്.
മാർച്ച് 24-ന് രാത്രിയായിരുന്നു സംഭവം. ദിണ്ടിഗൽ, മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ബാലാജി (21) ആണ് ഷോക്കേറ്റുമരിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്. സംഭവം നടന്നയുടൻ മേപ്പാടി പോലീസ് സംഭവസ്ഥലം സീൽചെയ്തിരുന്നു. തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫൊറൻസിക് വിദഗ്ധരും കെ.എസ്.ഇ.ബി. അധികൃതരും പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി.
വാട്സാപ്പ് സന്ദേശങ്ങൾ നിർണായകമായി
റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യംചെയ്തതിൽനിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. അപകടത്തിന് തലേദിവസം ഇയാളും ഷറഫുദ്ദീനും നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വൈദ്യുതത്തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിർദേശം അവഗണിച്ചതായും പോലീസിന് വ്യക്തമായത്.
ബാലാജിയടക്കം 12 മെഡിക്കൽ വിദ്യാർഥികളാണ് കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ല റിസോർട്ടിലെത്തിയത്. രാത്രി ഏഴുമണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങി. 7.20-ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിന് പുറത്തേക്കിറങ്ങുമ്പോഴാണ് സ്വിമ്മിങ് പൂളിനു ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങ്ങിന്റെ മധ്യഭാഗത്തുള്ള ഗേറ്റിൽനിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേറ്റത്. ബാലാജി മരിച്ചു. നെഞ്ചിന് ഷോക്കേറ്റതാണ് മരണത്തിനു കാരണമായത്.
പൂളിനു ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങ്ങിലുള്ള വിലക്കുകളിലേക്ക് വൈദ്യുതിയെത്തിയാൽ എർത്ത് ലീക്കേജ് ഉണ്ടാവുമെന്നും ആ സമയത്ത് അവിടെ പ്രവേശിക്കുന്നവർക്ക് അപകടമുണ്ടാവുമെന്നും നേരത്തേ അറിയാമായിരുന്നിട്ടും തകരാർ പരിഹരിക്കാതെയാണ് റിസോർട്ട് അധികൃതർ അതിഥികൾക്ക് പ്രവേശനം നൽകിയത്.
ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നൽകിയ റിപ്പോർട്ടിൽ നിർമാണാവശ്യത്തിന് നൽകിയ കണക്ഷൻ, നിബന്ധനകൾ ലംഘിച്ച് നിർമാണേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരുന്ന റെസിഡ്വൽ കറന്റ് സർക്യൂട്ട് ബ്രേക്കർ (ആർ.സി.സി.ബി.) എന്ന സുരക്ഷാ ഉപകരണം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്. ആർ.സി.സി.ബി. ബൈപ്പാസ് ചെയ്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ താഹിർ, സജി, സി.പി.ഒ. ബാലു, ഡ്രൈവർ ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights: student died at swimming pool resort worker arrested