OLX വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍; ഇടപാട് ഉറപ്പിക്കുന്നത് യുവതി, പണം ആഡംബരജീവിതത്തിന്

കല്പറ്റ: ഒ.എല്‍.എക്‌സ്. വഴി ഐഫോണ്‍ തട്ടിയെടുക്കുന്ന സംഘത്തെ വയനാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹമ്മദ് ഫസീല്‍ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിന്‍ (21), പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരാണ് അറസ്റ്റിലായത്.
ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ച സുല്‍ത്താന്‍ബത്തേരി സ്വദേശിയുടെ 52,500 രൂപ വിലവരുന്ന ഐഫോണ്‍ തട്ടിയെടുത്ത കേസിലാണ് ഇവര്‍ പിടിയിലായത്.
ഒ.എല്‍.എക്‌സില്‍ വില്‍ക്കാന്‍വെക്കുന്ന ഐഫോണ്‍ ഉടമകളെയാണ് പ്രതികള്‍ ഉന്നംവെക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ ശബാന ഷെറിന്‍ വ്യാജപേരുകളില്‍ മൊബൈല്‍ഫോണ്‍ ഉടമകളെ വിളിച്ച് ഇടപാട് ഉറപ്പിച്ചശേഷം മൊബൈല്‍ഫോണ്‍ കോഴിക്കോട്, നിലമ്പൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറ്റിവിടാന്‍ ആവശ്യപ്പെടുകയും ഫോണിന്റെ വിലയായി മുഹമ്മദ് യൂസഫ് ഇസാം വ്യാജ ബാങ്ക് റെസീപ്റ്റ് തയാറാക്കി ഫോണ്‍ ഉടമയ്ക്ക് അയച്ചുനല്‍കിയാണ് തട്ടിപ്പുനടത്തുന്നത്.
അക്കൗണ്ടില്‍ പണം ലഭിക്കാതെ ഫോണ്‍ ഉടമ സംഘത്തെ ബന്ധപ്പെടുമ്പോള്‍ ബാങ്ക് സെര്‍വര്‍ തകരാറാണെന്ന് വിശ്വസിപ്പിക്കുകയും ഈ സമയംകൊണ്ട് തട്ടിപ്പുകാര്‍ ഫോണ്‍ ബസില്‍നിന്ന് വാങ്ങി മൊബൈല്‍ഷോപ്പുകളില്‍ വില്‍ക്കുകയുമാണ് ചെയ്യുന്നത്. തട്ടിപ്പിലൂടെ നേടുന്ന പണം വിനോദസഞ്ചാരത്തിനും ആഡംബരജീവിതത്തിനുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: stealing i phones through OLX, three arrested