കാപ്പചുമത്തി; സി.പി.എം. മുന്‍ പ്രാദേശിക നേതാവ് അത്തിമണി അനിലിനെ നാടുകടത്തി

അത്തിമണി അനില്‍
അത്തിമണി അനില്‍

പാലക്കാട്: സ്പിരിറ്റുകടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയും സി.പി.എം. മുന്‍ പ്രാദേശികനേതാവുമായിരുന്ന പാലക്കാട് അത്തിമണി കരിങ്കുളം അനില്‍കുമാറിനെ (അത്തിമണി അനില്‍-39) കാപ്പചുമത്തി പോലീസ് നാടുകടത്തി. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് നടപടി. ഒരുവര്‍ഷത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാനാവില്ല. ഉത്തരവ് ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവ് ലഭിക്കും.

കവര്‍ച്ചമുതലാണെന്നറിഞ്ഞ് സാധനങ്ങള്‍ കൈപ്പറ്റുക, മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുക, സ്പിരിറ്റ് കടത്തുക, കവര്‍ച്ചമുതല്‍ ഒളിപ്പിക്കാന്‍ സഹായിക്കുക, ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കസബപോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ചെയ്ത കുഴല്‍പ്പണ കവര്‍ച്ചക്കേസിലും പ്രതിയാണ്.

സി.പി.എം. പെരുമാട്ടി അത്തിമണി ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ് അത്തിമണി അനില്‍. 2019 മേയ് ഒന്നിന് കാറില്‍ സ്പിരിറ്റുകടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അത്തിമണി അനിലിനെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് പാര്‍ട്ടി, അനിലിനെ പുറത്താക്കിയിരുന്നു. തുടര്‍ന്നും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ ശുപാര്‍ശപ്രകാരം, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ നാടുകടത്താന്‍ ഉത്തരവിട്ടത്.

Content Highlights: Spirit case accused Former CPM leader Athimani Anil deported