CBI ചമഞ്ഞ് റെയ്ഡ് പണവും സ്വര്‍ണവും കവര്‍ന്നു; 'സ്പെഷ്യൽ 26' കഥയെ ഓർമിപ്പിച്ച് ഡൽഹിയിൽ തട്ടിപ്പുസംഘം

ന്യൂഡൽഹി: ഡൽഹിയിലെ വസീറാബാദിൽ സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് കുടുംബത്തെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ജൂലൈ പത്തിന് രാത്രിയിലാണ് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങിയ സംഘം സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വസീറാബാദിലെ ലേൻ നയൻ ഏരിയയിലെ വീട്ടിലേക്ക് അതിക്രമിച്ചുകടന്നത്. യഥാർഥ ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കാനുള്ള രേഖകൾ വീട്ടുകാർ ആവശ്യപ്പെട്ടപ്പോൾ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
സ്വർണ്ണം, വെള്ളി ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും ഇവർ വീട്ടിൽ നിന്നും തട്ടിയെടുത്തു. പണം പിടിച്ചെടുത്ത ഡോക്യുമെന്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, പ്രതികൾ റെജിസ്റ്ററിൽ ഒപ്പിട്ടതുപോലെ കാണിച്ച് വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞ കുടുംബം പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
2013-ൽ നീരജ് പാണ്ഡെ സംവിധാനത്തിൽ പുറത്തിറങ്ങിയ Special 26 എന്ന സിനിമയിൽ സമാനമായ തട്ടിപ്പിന്റെ കഥയാണ് പറയുന്നത്. അക്ഷയ് കുമാർ, മനോജ് ബാജ്‌പേയി, അനുപം ഖേർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രം ഇന്ത്യയിൽ യഥാർത്ഥമായി സംഭവിച്ച സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതാണ്. ഇപ്പോഴുണ്ടായ സംഭവം സിനിമയെ ഓർമിപ്പിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ തുടരന്വേഷണം നടത്തി വരികയാണെന്നും, പ്രതികൾക്ക് മറ്റ് കേസുകളുമായോ സംഘങ്ങളുമായോ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: special 26 comes to life in delhi family losses jewellery to fake cbi raid