ധർമസ്ഥല സൗജന്യ കൊലപാതകക്കേസ്; കേസ് പുനരന്വേഷണത്തിലേക്ക്, അമ്മയുടെ രക്തസാമ്പിൾ എടുത്തു

മംഗളൂരു: ധർമസ്ഥലയിൽ കൊല്ലപ്പെട്ട കോളജ് വിദ്യാർഥിനി സൗജന്യയുടെ കേസ് പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി അമ്മയുടെ രക്ത സാമ്പിൾ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പരിശോധനക്കായി ശേഖരിച്ചു. ബെൽത്തങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ബെൽത്തങ്ങാടി താലൂക്ക് സർക്കാർ ആശുപത്രിയിലെത്തിച്ചു. ജഡ്ജി ശശാങ്ക് നാഗേന്ദ്രയുടെ സാന്നിധ്യത്തിലാണ് രക്ത സാമ്പിൾ ശേഖരിച്ചത്. എസ്.ഐ.ടി. ഉദ്യോഗസ്ഥരായ എ.സി.പി. മനോജ് കുമാർ നായിക്, ലോകേഷ് പി. ജഗൽസർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘവും ആസ്പത്രിയിലെത്തി.
കോളജ് വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 17-കാരി സൗജന്യയെ 2012 ഒക്ടോബറിലാണ് കാണാതായത്. തൊട്ടടുത്തദിവസം വീടിനരികിലുള്ള നേത്രാവതി പുഴക്കരയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും സി.ബി.ഐ.യും അന്വേഷിച്ചിട്ടും കേസ് തെളിയിക്കാൻ പറ്റിയില്ല. കേസിൽ അറസ്റ്റിലായിരുന്ന സന്തോഷ് റാവുവിനെ തെളിവുകളുടെ അഭാവത്തിൽ 2023 ജൂണിൽ സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസ് വീണ്ടും അനിശ്ചിതത്വത്തിലായി.
ഈ സാഹചര്യത്തിൽ അമ്മയുടെ പരാതിപ്രകാരം കേസ് വീണ്ടും അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: SIT collected blood sample from Soujanya's mother for further investigation, Process conducted under the presence of Belthangady Judicial First Class Magistrate, Supreme Court ordered reinvestigation following the mother's petition after CBI and police failed