മകളെയും സെക്‌സ് റാക്കറ്റിലേക്ക് തള്ളിവിട്ടു, മകനും പ്രതി; ശ്വേതാഖാൻ കേസിൽ ബംഗാളിൽ രാഷ്ട്രീയവിവാദം

കൊല്‍ക്കത്ത: ബംഗാളില്‍ കോളിളക്കം സൃഷ്ടിച്ച നീലച്ചിത്ര റാക്കറ്റ് കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി. നീലച്ചിത്ര, സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരില്‍ ഒരാളായ ആര്യന്‍ ഖാനെ(26)യും ഇയാളുടെ സഹായിയെയുമാണ് സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീനില്‍നിന്ന് പോലീസ് പിടികൂടിയത്. അതേസമയം, കേസിലെ പ്രധാന പ്രതിയായ ആര്യന്‍ഖാന്റെ മാതാവ് ശ്വേതാ ഖാന്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവില്‍ യുവതികളെ ഉപയോഗിച്ച് നീലച്ചിത്ര നിര്‍മാണവും പെണ്‍വാണിഭവും നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്വേതാ ഖാന്‍, മകന്‍ ആര്യന്‍ ഖാന്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. സോഡേപുര്‍ സ്വദേശിയായ 23-കാരി പരാതിയുമായി രംഗത്തെത്തിയതോടെയാണ് ശ്വേത ഖാന്റെ നേതൃത്വത്തിലുള്ള നീലച്ചിത്ര റാക്കറ്റിനെക്കുറിച്ച് പുറംലോകമറിയുന്നത്. ശ്വേത ഖാനും മകനും ചേര്‍ന്ന് ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയുടെ മറവില്‍ നീലച്ചിത്ര നിര്‍മാണവും പെണ്‍വാണിഭവവും നടത്തിവരികയാണെന്നും നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.
ബാര്‍ ഡാന്‍സറായും നീലച്ചിത്രത്തിലെ അഭിനേതാവായും പ്രവര്‍ത്തിക്കണമെന്നായിരുന്നു ശ്വേത ഖാന്റെയും മകന്റെയും ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ കെട്ടിയിട്ട് മര്‍ദിച്ചെന്നും സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ്ദണ്ഡ് കയറ്റി മാരകമായി പരിക്കേല്‍പ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഗുരുതരമായി പരിക്കേറ്റ യുവതി സാഗര്‍ദത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ കേസിലെ മുഖ്യപ്രതികളായ ശ്വേതാ ഖാനും മകനും ഒളിവില്‍പോയി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്യന്‍ ഖാനെ ബുധനാഴ്ച പിടികൂടിയത്. അതേസമയം, കേസിലെ മുഖ്യപ്രതിയായ ശ്വേതാ ഖാന്‍ വിദേശത്തേക്ക് കടന്നോയെന്നും പോലീസിന് സംശയമുണ്ട്. ഇവര്‍ ബാങ്കോക്കിലേക്ക് കടന്നിരിക്കാനുള്ള സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.
ഗുരുതര വെളിപ്പെടുത്തലുകള്‍, രാഷ്ട്രീയവിവാദവും...
'ഇഷാറ പ്രൊഡക്ഷന്‍സ്' എന്ന പേരിലാണ് ശ്വേതാ ഖാനും മകനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തിയിരുന്നത്. ഹൗറയിലെ വാടക അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. എന്നാല്‍, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെന്നാണ് പേരെങ്കിലും ഇതിന്റെ മറവില്‍ നീലച്ചിത്ര നിര്‍മാണവും പെണ്‍വാണിഭവവുമാണ് നടന്നിരുന്നതെന്നാണ് പരാതി. ഇതിന് തയ്യാറാകാതിരുന്ന യുവതികളെ ക്രൂരമായി മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും പരാതികളിലുണ്ടായിരുന്നു.
അതിനിടെ, കൗമാരക്കാരിയായ സ്വന്തം മകളെ പോലും ശ്വേതാ ഖാന്‍ സെക്‌സ് റാക്കറ്റിന് വേണ്ടി ഉപയോഗിച്ചെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. 2021-ലാണ് ശ്വേതാ ഖാന്റെ 18 വയസ്സുകാരിയായ മകള്‍ ഇഷിക ജീവനൊടുക്കിയത്. എന്നാല്‍, സെക്‌സ് റാക്കറ്റിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ശ്വേതാ ഖാന്റെ സമ്മര്‍ദം താങ്ങാനാകാതെയാണ് മകള്‍ ജീവനൊടുക്കിയതെന്നാണ് പുതിയ ആരോപണം. ഒരു ബിസിനസുകാരനെ വ്യാജക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ശ്വേതാ ഖാന്‍ രണ്ടുകോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു.
അതിനിടെ, ശ്വേതാ ഖാനൊപ്പമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നീലച്ചിത്രക്കേസിനെച്ചൊല്ലി രാഷ്ട്രീയവിവാദങ്ങളും ഉടലെടുത്തു. മന്ത്രി അരൂപ് റോയ്, എംപി സുദീപ് ബന്ധോപാധ്യായ്, മുന്‍ മന്ത്രി രാജിബ് ബാനര്‍ജി തുടങ്ങിയ തൃണമൂല്‍ നേതാക്കള്‍ക്കൊപ്പമുള്ള ശ്വേതാ ഖാന്റെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതോടെ ശ്വേത ഖാനും കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ മകനും തൃണമൂല്‍ നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിരുന്നു.
Content Highlights: Bengal Porn Racket Case Accused Aryan Khan, has been arrested. His mother, Shweta Khan remains large