'അറസ്റ്റിന് പിന്നില്‍ പി. ശശി, പുറത്തിറങ്ങിയാല്‍ വിശദമായി പറയും'; ഷര്‍ഷാദ് 14 ദിവസം റിമാന്‍ഡില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ റിമാന്‍ഡ്‌ചെയ്തത്. അതേസമയം, അറസ്റ്റിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്നും ഇതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും ഷര്‍ഷാദ് ആരോപിച്ചു. കോടതിയില്‍നിന്ന് പോലീസ് കൊണ്ടുപോകുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരാതി നല്‍കിയത് സിപിഎം ബന്ധമുള്ള വ്യക്തിയാണ്. തനിക്ക് ഭീഷണിയുണ്ട്. പുറത്തിറങ്ങിയശേഷം വിശദമായ പത്രസമ്മേളനം വിളിക്കും. ഇത് പാര്‍ട്ടിയുടെ ആഭ്യന്തരവിഷയമാണ്. പി. ശശിയുടെ ഓഫീസാണ് പ്രധാനമായും ഇതിനുപിന്നില്‍. അല്ലാതെ വേറൊന്നുമല്ല. സെക്രട്ടറിയുടെ മകനെതിരേയുള്ള തന്റെ പ്രശ്‌നം ഭീഷണിപ്പെടുത്തി ഒതുക്കാന്‍ നോക്കുകയാണെന്നും ഷര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
ലാഭം വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ചശേഷം കബളിപ്പിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ചെയ്ത വഞ്ചനാക്കേസിലാണ് ഷര്‍ഷാദിനെ കഴിഞ്ഞദിവസം ചെന്നൈയില്‍നിന്ന് പോലീസ് അറസ്റ്റ്‌ചെയ്തത്. 'പെന്റ' എന്ന സ്ഥാപനത്തിന്റെ ഡയറക്ടാണ് ഷര്‍ഷാദ്. 2023-ല്‍ ഈ സ്ഥാപനത്തിന്റെ പേരില്‍ ലാഭം വാഗ്ദാനംചെയ്ത 40 ലക്ഷം രൂപ നിക്ഷേപം സ്വീകരിച്ചു. എന്നാല്‍, ഇത് കബളിപ്പിക്കലായിരുന്നുവെന്നും നിക്ഷേപമായി നല്‍കിയ പണം നഷ്ടപ്പെട്ടെന്നും ആരോപിച്ചാണ് രണ്ടുപേര്‍ ഷര്‍ഷാദിനെതിരേ പരാതി നല്‍കിയിരുന്നത്.
സമീപകാലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് ഷര്‍ഷാദ്. സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് ഷര്‍ഷാദ് നല്‍കിയ പരാതി പിന്നീട് കോടതി രേഖയായി എത്തിയതിലായിരുന്നു വിവാദം. പാര്‍ട്ടിനേതാക്കള്‍ക്ക് ഹവാലഇടപാടിലടക്കം പങ്കാളിത്തമുണ്ടെന്നായിരുന്നു ഷര്‍ഷാദ് പിബിക്ക് നല്‍കിയ കത്തിലുണ്ടായിരുന്നത്. ഈ കത്ത് ചോര്‍ത്തിയത് എം.വി. ഗോവിന്ദന്റെ മകനാണെന്നായിരുന്നു ഷര്‍ഷാദിന്റെ ആരോപണം.
Content Highlights: Businessman Mohammed Sharshad remanded for 14 days in a financial fraud case in Kochi. Accuses political vendetta involving CM`s Political Secretary. Read more.