ശംഖുംമുഖം ബീച്ചിൽ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം; വിദ്യാർഥിനിയെയും സഹപാഠിയേയും മർദിച്ചു, അറസ്റ്റ്

#സ്വന്തം ലേഖകൻ
അറസ്റ്റിലായ റയീസ്, ഹസൻ
അറസ്റ്റിലായ റയീസ്, ഹസൻ

തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിൽ വിശ്രമിക്കാനിരുന്ന വിദ്യാർഥികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചു. ഗവ. ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ്. വിദ്യാർഥികളായ അതിതോഷ്(21), പല്ലവി(21) എന്നിവരെയാണ് സദാചാര പോലീസ് ചമഞ്ഞ് യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ ബീമാപളളി സ്വദേശികളായ റയീസ്(31), ഇയാളുടെ സുഹൃത്ത് ഹസൻ(26) എന്നിവർ അറസ്റ്റിലായി.

തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ശംഖുംമുഖം ബീച്ചിനടുത്ത് കണ്ണാന്തുറ തീരത്തിനടുത്താണ് സംഭവം. ഞായറാഴ്ച എട്ടരയോടെ ബിഹാറിൽ നിന്നെത്തിയ യുവതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയശേഷം നേരെ ശംഖുംമുഖം ബീച്ചിലെത്തി. പിന്നാലെ ഒപ്പം പഠിക്കുന്ന യുവാവുമെത്തി. ശംഖുംമുഖം ബീച്ചിൽ തീര നിർമാണവുമായി ബന്ധപ്പെട്ട് കുറച്ചുഭാഗം കെട്ടിയടച്ചിട്ടുണ്ട്. ഇതേ തുടർന്ന് ശംഖുംമുഖം കൊട്ടാരത്തിന്റെ ഭാഗത്തുളള മണൽ പരപ്പിൽ വിശ്രമിക്കുകയായിരുന്നു ഇരുവരും.

ആ സമയത്ത് സ്ഥലത്തെത്തിയ പ്രതികൾ യുവാവിനെയും യുവതിയെയും വിരട്ടുകയും സദാചാര പോലീസ് ചമയുകയും ചെയ്തു. യുവതിയുടെ ബാഗ് തട്ടിപ്പറിക്കുകയും അതിനുളളിൽ തുറന്നുനോക്കുകയും ചെയ്തശേഷം കടന്നുപോയി. ബാഗ് തിരികെ നൽകാതെ പോയത് യുവതി ചോദ്യം ചെയ്തതോടെ മുടിപിടിച്ച് വലിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പാന്റ് വലിച്ചൂരാനും ശ്രമിച്ചു. ഇത് തടയാനെത്തിയ യുവാവിനെ ഇരുവരും ചേർന്ന് മർദിച്ചു.

ഭയന്നോടിയ ഇരുവരും പോലീസ്‌കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി. ശംഖുംമുഖം ഭാഗത്ത് പട്രോളിങ്ങിലുണ്ടായിരുന്ന എസ്.ഐ.മാരായ ഓമനക്കുട്ടൻ, ജിബിൻ, ഗ്രേഡ് എസ്.ഐ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അക്രമികളായ യുവാക്കളെ കയ്യോടെ പിടികൂടി. സ്ത്രീത്വത്തെ അപമാനിച്ചതിനും യുവാവിനെ മർദിച്ചതിനും യുവാക്കൾക്കെതിരെ വലിയതുറ പോലീസ് കേസെടുത്തുവെന്ന് എസ്.എച്ച്.ഒ. അശോക് കുമാർ പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Content Highlights: Two BAMS students assaulted by moral police at Shangumugham Beach., Accused individuals from Beemapally arrested and remanded in 2026., Police charged suspects with outraging the modesty of a woman and physical assault., Swift police intervention following a distress call to the control room.