ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

മരിച്ച ഷഹബാസ് | Photo: By Special Arrangement
മരിച്ച ഷഹബാസ് | Photo: By Special Arrangement

തിരുവനന്തപുരം:കോഴിക്കോട് താമരശ്ശേരിയിലെ സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപണം നേരിടുന്ന സഹവിദ്യാർഥികൾക്ക് പഠനവിലക്ക് പാടില്ലെന്ന് നിർദേശിച്ച് ബാലാവകാശ കമ്മിഷൻ. ആറു വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണെന്ന് കമ്മിഷൻ വിലയിരുത്തി. ഞായറാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിലുള്ളത്.

വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയതിനെതിരേ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഫലം തടഞ്ഞുവെക്കാനും മൂന്നുവർഷത്തേക്ക് പരീക്ഷയെഴുതുന്നത് വിലക്കാനും കേരള പൊതുപരീക്ഷാ ബോർഡാണ് തീരുമാനിച്ചത്. ഇതനുസരിച്ച് പരീക്ഷാകമ്മിഷണർ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരേയാണ് കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കൾ കമ്മിഷനെ സമീപിച്ചത്.

കമ്മിഷന്റെ നിഗമനം

  • വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്.  വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം വെക്കാനുള്ള തീരുമാനം അനുച്ഛേദം 21 അനുസരിച്ച്  ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് 
  • കുട്ടികൾ ആരോപണവിധേയർ മാത്രമാണ്. പരിക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ ഫലപ്രഖ്യാപനം തടയേണ്ട. പ്രസിദ്ധീകരിക്കുന്നതുകൊണ്ട് നിയമനടപടികൾക്ക് ഒരു കോട്ടവും സംഭവിക്കില്ല
  • ഫലം നടഞ്ഞുവെക്കുന്നതിനും കൂട്ടികളെ ഡീബാർ ചെയ്യുന്നതിനും പരീക്ഷാസമയത്ത് ക്രമക്കേട് നടക്കണം. ഇവിടെ അതുണ്ടായിട്ടില്ല. 
  • മറ്റുകേസുകേസുകളിൽ കുറ്റാരോപിതരായ കൂട്ടികൾ പരീക്ഷയെഴുതുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. ഈ കേസിൽമാത്രം വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. മെയ് 20 വരെയാണ് ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയം. ഫലം തടഞ്ഞുവച്ചതിനാൽ കുറ്റാരോപിതർക്ക് അപേക്ഷ നൽകാൻ കഴിയാതെ വരും. 


 

Content Highlights: Kerala State Commission for Protection of Child Rights order to publish sslc result of accused