പന്ത്രണ്ടുകാരിയെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ചു; മാതാവിന്റെ സഹായത്തോടെ നടന്ന പീഡനമെന്ന് പോലീസ്

പയ്യോളി: അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പയ്യോളി പോലീസ് പോക്സോ കേസെടുത്തു. വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖിന്റെ (48) പേരിലാണ് കേസ്. വ്യവസായിയായ ഇയാൾ വിദേശത്താണുള്ളത്.
പയ്യോളി പോലീസ് അന്വേഷിക്കുന്നതിനിടെ കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാവ് വെള്ളിയാഴ്ച രാവിലെ ഹാജരായി. തുടർന്ന് പയ്യോളി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ അവരെ വൈകീട്ട് കോടതി റിമാൻഡ് ചെയ്തു. മാതാവിനെതിരേയും പോക്സോയാണ് ചുമത്തിയിട്ടുള്ളത്. മാതാവിന്റെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് കേസ് അന്വേഷിക്കുന്ന പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷ് പറഞ്ഞു.
കുട്ടി കോഴിക്കോട് സി.ഡബ്ല്യു.സി. സംരക്ഷണയിലാണ്. ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിന് കൈമാറി. രണ്ടരവർഷമായി പീഡനം നടന്നുവരുന്നതായി പറയുന്നു. വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽവരാറുണ്ട്. ഇത്തവണ ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചുപോയി. പെൺകുട്ടിയുടെ പിതാവ് വിദേശത്താണുള്ളത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പോലീസ് പറഞ്ഞു.
Content Highlights: sexual assault 12 year old girl mothers friend payyoli