17-കാരിയുടെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്; ഹോട്ടലില്‍ പോലീസ് റെയ്ഡ്, മോചിപ്പിച്ചത് നാലുയുവതികളെ

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

മുംബൈ: നവിമുംബൈ കേന്ദ്രീകരിച്ച് പതിനേഴുകാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘം പോലീസ് പിടിയില്‍. നവിമുംബൈയിലെ വാഷിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം പിടിയിലായത്. സംഭവത്തില്‍ സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരിയായ 17-കാരിക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും കള്ളനോട്ട് അടക്കം പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. 

രഹസ്യവിവരത്തെത്തുടര്‍ന്നാണ് മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധസംഘം കഴിഞ്ഞദിവസം ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. ആവശ്യക്കാരെന്ന വ്യാജേന ഹോട്ടലിലെത്തിയ ഉദ്യോഗസ്ഥര്‍ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരെ കൈയോടെ പിടികൂടുകയായിരുന്നു. നേപ്പാള്‍ സ്വദേശിനി ഉള്‍പ്പെടെ സംഘത്തിന്റെ കെണിയില്‍വീണ നാലുയുവതികളെ പോലീസ് മോചിപ്പിച്ചു. ഇവരെ പിന്നീട് പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി. 

പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയാണ് ഹോട്ടല്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്. മുംബൈ മലാദ് സ്വദേശിയായ പെണ്‍കുട്ടി ഇടപാടുകാരില്‍നിന്ന് വന്‍തുക ഈടാക്കി, ചെറിയ പങ്ക് യുവതികള്‍ക്ക് നല്‍കുന്നതായിരുന്നു രീതി. ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ 84,030 രൂപയും ഒരു മൊബൈല്‍ഫോണും വാച്ചും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും റെയ്ഡില്‍ കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. 


 

Content Highlights: sex racket run by teen girl busted in navi mumbai