'ഇന്ത്യൻ സംസ്‌കാരത്താൽ സ്വാധീനിക്കപ്പെട്ടു'; പൗരത്വം നല്‍കണമെന്ന് രാഷ്ട്രപതിക്ക് കത്തെഴുതി സീമ ഹൈദർ

സച്ചിന്‍ മീണ, സീമ ഹൈദര്‍ | Photo - AFP
സച്ചിന്‍ മീണ, സീമ ഹൈദര്‍ | Photo - AFP

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സമീപിച്ച് ഇന്ത്യക്കാരനൊപ്പം ജീവിക്കാൻ അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ യുവതി സീമ ഗുലാം ഹൈദര്‍. ഇന്ത്യയില്‍ തുടരാനുള്ള അനുമതി നല്‍കണമെന്ന് സീമ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിലും പാരമ്പര്യത്തിലും താന്‍ വളരേയധികം സ്വാധീനിക്കപ്പെട്ടുവെന്നും സീമ അവകാശപ്പെടുന്നു.

ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട ഗ്രേറ്റര്‍ നോയിഡ സ്വദേശിക്കൊപ്പം കഴിയാന്‍ രേഖകളില്ലാതെ നാലുമക്കള്‍ക്കൊപ്പമാണ് സീമ ഇന്ത്യയിലെത്തിയത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരിയായ ഇവര്‍ ജൂലായ് നാലിനാണ് പോലീസിന്റെ പിടിയിലായത്. സീമയ്ക്ക് അഭയം നല്‍കിയ കാമുകന്‍ സച്ചിന്‍ മീണ (22), ഇയാളുടെ അച്ഛന്‍ നേത്രപാല്‍ സിങ് (51) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ സച്ചിനൊപ്പം നോയിഡയിലെ വീട്ടിലാണ് താമസം.

2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായതെന്ന് പോലീസ് പറയുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഫോണ്‍നമ്പര്‍ കൈമാറി വാട്സാപ്പില്‍ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദര്‍ശകവിസയിലാണ് പാകിസ്താനില്‍നിന്ന് പോന്നത്. മാര്‍ച്ചില്‍ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവില്‍ കണ്ടുമുട്ടുകയും ഹോട്ടലില്‍ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയില്‍ മക്കള്‍ക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടര്‍ന്ന് ഇന്ത്യയിലേക്കും കടന്നു.

പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തില്‍നിന്ന് ദുബായ് വഴിയാണ് കാഠ്മണ്ഡുവിലെത്തിയത്. അവിടെനിന്ന് പൊഖാരവഴി ബസില്‍ ഇന്ത്യന്‍ അതിര്‍ത്തികടന്നു. ഗ്രേറ്റര്‍ നോയിഡയില്‍ സച്ചിന്‍ വാടകയ്‌ക്കെടുത്തിരുന്ന വീട്ടില്‍ ഇവര്‍ ഒന്നിച്ച് താമസമാരംഭിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ നിയമസഹായം തേടിയപ്പോള്‍, യുവതി അനധികൃതമായി അതിര്‍ത്തികടന്നതാണെന്ന് സംശയം തോന്നിയ അഭിഭാഷകന്‍ പോലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.

സീമ പാക് ചാരവനിതയാണോ എന്ന സംശയത്തില്‍ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് രണ്ടുദിവസങ്ങളിലായി 17 മണിക്കൂര്‍ യുവതിയേയും സച്ചിനേയും ചോദ്യംചെയ്തിരുന്നു. ഇവരില്‍നിന്ന് ആറ് പാകിസ്താന്‍ പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു. ഇതിലൊരെണ്ണത്തില്‍ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. നാല് മൊബൈല്‍ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും ചില തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിരുന്നു.

യുവതിയുടെ അമ്മാവനും സഹോദരങ്ങളും പാകിസ്താന്‍ സേനയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് വിവരമുണ്ടായിരുന്നു. സീമയ്ക്ക് ഇംഗ്ലീഷും ഹിന്ദിയും വ്യക്തമായി കൈകാര്യം ചെയ്യാന്‍ അറിയുന്നതും സംശയത്തിന് ഇടയാക്കി. ഇതില്‍ ചോദ്യംചെയ്തപ്പോള്‍, പബ്ജിവഴി പരിചയപ്പെട്ട സുഹൃത്തുക്കളില്‍നിന്നാണ് ഹിന്ദി പഠിച്ചതെന്ന് അവര്‍ എ.ടി.എസിന് മറുപടി നല്‍കി. എന്നാല്‍, സീമ ഉപയോഗിക്കുന്ന പല വാക്കുകളും പടിഞ്ഞാറന്‍ യു.പിയില്‍നിന്നുള്ള സച്ചിന്‍ ഉപയോഗിക്കാത്തതാണെന്നതും സംശയത്തിന് കാരണമായി.

Content Highlights: Seema Haider President Droupadi Murmu Indian citizenship Pakistani national Sachin Meena PubG