'സീമ ബീഡിവലിക്കുന്നത് സച്ചിന് ഇഷ്ടമല്ല, മർദിച്ചിരുന്നു'; ഇന്ത്യയിലെ കൂടുതൽപേരുമായി പബ്ജി വഴി ബന്ധം

ന്യൂഡല്‍ഹി: അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ സ്വദേശിനി സീമ ഹൈദറും കാമുകന്‍ സച്ചിന്‍ മീണയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന നോയിഡ ഗൗതം ബുദ്ധനഗറിലെ വീടിന്റെ ഉടമസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സച്ചിന്‍ മീണ പലപ്പോഴും സീമയെ മര്‍ദിച്ചിരുന്നതായി വീട്ടുടമ വെളിപ്പെടുത്തിയതായി എ.ബി.പി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സീമ ഹൈദര്‍ ബീഡി വലിച്ചിരുന്നതായും സച്ചിന് ഇത് ഇഷ്ടമായിരുന്നില്ലെന്നും വീട്ടുടമ പറയുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും സച്ചിന്‍ സീമയെ അടിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
അതേസമയം, തുടര്‍ച്ചയായ ചോദ്യംചെയ്യലുകള്‍ക്ക് പിന്നാലെ സീമ ഹൈദറിന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാവിലെ സീമയും സച്ചിനും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വൈദ്യസഹായം തേടിയതായാണ് വിവരം.
ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) സീമ ഹൈദറിനെ കഴിഞ്ഞദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. സച്ചിനെയും സീമയെയും എ.ടി.എസ്. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു മണിക്കൂറുകള്‍നീണ്ട ചോദ്യംചെയ്യല്‍. ചോദ്യംചെയ്യലിനിടെ പല വിവരങ്ങളും സീമയില്‍നിന്ന് ശേഖരിക്കാനായെന്നാണ് വിവരം. പബ്ജി ഗെയിമില്‍ സജീവമായിരുന്ന സീമ ഇന്ത്യയില്‍നിന്നുള്ള മറ്റു യുവാക്കളുമായും ഗെയിമിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് എ.ടി.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍നിന്നുള്ളവരെയാണ് സീമ കൂടുതലായും ബന്ധപ്പെട്ടിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇംഗ്ലീഷ് വായിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നല്ലരീതിയിലാണ് യുവതി അത് വായിച്ചതെന്നും തെറ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. മാത്രമല്ല, ഇന്ത്യന്‍ സ്ത്രീകളെപ്പോലെ വേഷം ധരിക്കാന്‍ യുവതിക്ക് പ്രൊഫഷണല്‍ സഹായം ലഭിച്ചിരുന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് സംശയമുണ്ട്.
പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവില്‍ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുന്‍പ് നാലുകുട്ടികളുമായാണ് ഇവര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാകിസ്താന്‍ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വ്യക്തമായത്. സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. നിലവില്‍ കാമുകനായ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്.
Content Highlights: seema haider latest update seema haider sachin meena pubg love their house owner reveals about clash