ഇന്നലെയും 'ഷാജഹാന്‍' ആശാരിപ്പണിക്ക് പോയി, ആരോടും മിണ്ടാട്ടമില്ല; രാവിലെ അയല്‍ക്കാര്‍ കണ്ടത് അറസ്റ്റ്

കണ്ണൂര്‍: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാംപ്രതി സവാദ് ചൊവ്വാഴ്ച വരെയും ആശാരിപ്പണിക്ക് പോയിരുന്നതായി സമീപവാസികള്‍. ഷാജഹാന്‍ എന്ന പേരിലാണ് സവാദ് മട്ടന്നൂര്‍ ബേരത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. നാട്ടുകാരുമായി വലിയരീതിയില്‍ ഇടപഴകിയിരുന്നില്ല. വീടുകളില്‍പോയി ആശാരിപ്പണി ചെയ്യുന്നതാണ് ഇയാളുടെ പതിവെന്നും നാട്ടുകാര്‍ പറഞ്ഞു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാംപ്രതി അശമന്നൂര്‍ നൂലേലി മൂടശ്ശേരി സവാദി(38)നെ മട്ടന്നൂരില്‍നിന്നാണ് എന്‍.ഐ.എ. സംഘം ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഒന്നാംപ്രതിയുടെ അറസ്റ്റ്. 13 വര്‍ഷമായി പോലീസിനെയും വിവിധ അന്വേഷണ ഏജന്‍സികളെയും കബളിപ്പിച്ച് ഒളിവില്‍കഴിയുകയായിരുന്നു സവാദ്.
ഷാജഹാന്‍ എന്ന പേരില്‍ രണ്ടുവര്‍ഷം മുന്‍പാണ് സവാദ് മട്ടന്നൂര്‍ ബേരത്ത് വാടകവീട്ടില്‍ താമസം ആരംഭിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് മുന്‍പ് വിളക്കോടാണ് താമസിച്ചിരുന്നതെന്നാണ് ഇയാള്‍ സമീപവാസികളോട് പറഞ്ഞിരുന്നത്. മകള്‍ക്കും ഗര്‍ഭിണിയായ ഭാര്യയ്ക്കും ഒപ്പമായിരുന്നു രണ്ടുവര്‍ഷം മുന്‍പ് സവാദ് ബേരത്തെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. ഭാര്യയുടെ രണ്ടാംപ്രസവം ഇവിടെവെച്ചായിരുന്നു. രാവിലെ ജോലിക്ക് പോയാല്‍ രാത്രി തിരികെ വീട്ടില്‍വരുന്ന ഇയാള്‍ യുവാക്കളുമായോ സമീപവാസികളുമായോ വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നും എന്തെങ്കിലും ചോദിച്ചാല്‍ മാത്രം മറുപടി പറയുന്നയാളാണെന്നും നാട്ടുകാര്‍ പ്രതികരിച്ചു.
വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്തായി നിര്‍മാണം നടക്കുന്ന വീട്ടിലാണ് ഇയാള്‍ നിലവില്‍ ജോലിചെയ്തിരുന്നത്. കഴിഞ്ഞദിവസവും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം സവാദ് ഇവിടെ ജോലിചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ആറരയോടെയാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ സവാദിനെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തതെന്നാണ് സമീപവാസികളുടെ പ്രതികരണം. രാവിലെ ആറരയോടെ ഒരുസംഘം ഉദ്യോഗസ്ഥര്‍ സവാദിനെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോഴും എന്താണ് സംഭവമെന്ന് ആര്‍ക്കും മനസില്ലായില്ല. പിന്നീടാണ് ഇത്രയുംവര്‍ഷം ഒളിവില്‍കഴിഞ്ഞിരുന്ന പ്രതിയാണെന്ന് മനസിലായതെന്നും സമീപവാസികള്‍ പറഞ്ഞു.
അതേസമയം, എന്‍.ഡി.എഫ്. പ്രവര്‍ത്തകനാണ് ഇയാള്‍ക്ക് ബേരത്ത് ജോലി സംഘടിപ്പിച്ചുനല്‍കിയതെന്നും നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചു. എന്‍.ഡി.എഫ്. പ്രവര്‍ത്തകന്റെ കൂടെയാണ് ജോലിചെയ്തിരുന്നതെന്നും ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
Content Highlights: prof tj joseph hand chopping case main accused savad arrested after 13 years