ജ്യൂസ് കടയിൽനിന്ന് 15000 രൂപ വരുമാനം, പിന്നീട് കാണുന്നത് ദുബായിലെ ആഡംബര ഹോട്ടലുകളിൽ, 200 കോടിയുടെ വിവാഹം; ഒടുവിൽ പിടിയിൽ

സൗരഭ് ചന്ദ്രാകർ, ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയായ ഒരു സാധാരണ യുവാവ്. പ്രതിമാസം 15,000 രൂപ ജ്യൂസ് കടയിൽനിന്ന് വരുമാനം ലഭിച്ചിരുന്നു. വർഷങ്ങൾ കുറച്ച് പിന്നിട്ടപ്പോൾ ആ യുവാവ് ദുബായിലെ ആഡംബര ഹോട്ടലുകളിലെ പ്രധാന താമസക്കാരനായി മാറി. ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര, 200 കോടിയോളം രൂപ ചെലവഴിച്ച് അത്യാഡംബര വിവാഹവും നടത്തി സൗരഭ് ചന്ദ്രാകർ രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടു. ജ്യൂസ് കടയിൽനിന്ന് അത്യാഡംബര ഹോട്ടലുകളിലേക്ക് സൗരഭ് ചന്ദ്രാകറിന്റെ ജീവിതം മാറ്റിമറിച്ചതോ ഒരു ആപ്പും. മഹാദേവ് ഓൺലൈൻ ആപ്പ്, ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണങ്ങളിലൊന്നായി മാറിയ അന്താരാഷ്ട്ര വാതുവെപ്പ് സാമ്രാജ്യമാണിത്.
ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെ പരിധിക്ക് അപ്പുറത്താണെന്ന് കരുതിയിരുന്ന സൗരഭ് ചന്ദ്രാകറിനെ ഞായറാഴ്ച ഒമാനിൽനിന്ന് തിരികെ എത്തിച്ചു. നിയമവിരുദ്ധമായ വാതുവെപ്പ് സിൻഡിക്കേറ്റ് നടത്തി എന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സി.ബി.ഐയുടെ രണ്ട് കേസുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസും അദ്ദേഹം നേരിടുന്നുണ്ട്.
ഒരു വ്യാവസായിക നഗരത്തിലെ ചെറിയൊരു ബിസിനസ്സ് എങ്ങനെ അന്താരാഷ്ട്ര അതിർത്തികളിൽ ഭീമമായ തുക കൈകാര്യം ചെയ്യുന്ന ശൃംഖലയായി മാറി എന്ന ഉത്തരമില്ലാത്ത ചോദ്യത്തിന് ഇതോടെ വഴിത്തിരിവുണ്ടാകുമെന്നാണ്് പ്രതീക്ഷിക്കുന്നത്.
ഭിലായ് സ്വദേശിയായ സൗരഭ് ചന്ദ്രാകറിന് വലിയ ബിസിനസ് പാരമ്പര്യങ്ങളൊന്നും ഇല്ല. പിതാവ് മുനിസിപ്പൽ കോർപ്പറേഷനിലെ ജീവനക്കാരനും മാതാവ് സാധാരണ വീട്ടമ്മയുമായിരുന്നു. ചെറുപ്പകാലം മുതലേ അദ്ദേഹം ജോലിക്ക് പോയി സമ്പാദിച്ചിരുന്നു. ഭിലായിലെ വസ്ത്രവ്യാപാരശാലകളിൽ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം ജ്യൂസ് കടയിലേക്ക് വരുന്നത്. നെഹ്റു നഗറിൽ കുടുംബം 'ജ്യൂസ് ഫാക്ടറി' എന്ന പേരിൽ ഒരു കട നടത്തിയിരുന്നു. ഇഡിയുടെ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം സൗരഭ് ചന്ദ്രാകറിന് ഈ സ്ഥാപനത്തിൽ നിന്ന് പ്രതിമാസം 15,000 രൂപയോളം ലഭിച്ചിരുന്നു. വാതുവെപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന പ്രദേശത്തുള്ള രവി ഉപ്പാലിനെ പരിചയപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറിമറഞ്ഞത്. ഛത്തീസ്ഗഢിന് പുറത്തേക്ക് വ്യാപിച്ച വാതുവെപ്പ് ശൃംഖല ദുബായ് കേന്ദ്രമാക്കി ഇരുവരും ചേർന്ന് രൂപീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ഗെയിമിംഗിന്റെയും വാതുവെപ്പ് പ്ലാറ്റ്ഫോമുകളുടെയും ദ്രുതഗതിയിലുള്ള വളർച്ചയ്ക്കൊപ്പമാണ് ഇവരുടെ സംരംഭവും വളർന്നത്. തുടക്കത്തിൽ ചെറിയൊരു സംരംഭമായിരുന്നു ഇത്. പിന്നീട് ഏജന്റുമാരുടെയും ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരുടെയും ഇടനിലക്കാരുടെയും വലിയൊരു ശൃംഖലയായി ഇത് വളരുകയായിരുന്നു. പ്രവർത്തനം ദുബായിലേക്ക് മാറ്റി.
ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ്, കാർഡ് ഗെയിമുകൾ എന്നിവയിലും മറ്റ് മത്സരങ്ങളിലും നിയമവിരുദ്ധമായി വാതുവെക്കാൻ ഉപയോഗിച്ചിരുന്ന 'മഹാദേവ് ഓൺലൈൻ ബുക്ക്' എന്ന പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രൊമോട്ടർമാരായി ചന്ദ്രാകറും ഉപ്പാലും വാഴാൻ തുടങ്ങി.
ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ഫ്രാഞ്ചൈസികളും ശാഖകളും പ്രവർത്തിപ്പിച്ചിരുന്ന ഈ ശൃംഖലയുടെ നിയന്ത്രണം ദുബായിലെ ഓഫീസിലിരുന്ന് ഇരുവരും നിയന്ത്രിച്ചു. പ്രാദേശിക ഓപ്പറേറ്റർമാർക്ക് ആവശ്യമായ ലോഗിൻ വിവരങ്ങൾ നൽകിയിരുന്നു. ഉപഭോക്താക്കളെ ചേർക്കുക, അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക, പണം ശേഖരിക്കുക എന്നിവയായിരുന്നു ഇവരുടെ ചുമതല.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ആശയവിനിമയത്തിനുമായി വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് ഉപയോഗിച്ചിരുന്നത്. ശേഖരിക്കുന്ന തുകയുടെ നല്ലൊരു പങ്ക് പ്ലാറ്റ്ഫോം നിയന്ത്രിക്കുന്നവരിലേക്ക് എത്തുന്ന ലാഭവിഹിത വ്യവസ്ഥയിലാണ് സിൻഡിക്കേറ്റ് പ്രവർത്തിച്ചിരുന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
റെഡ്ഡി അണ്ണ, ഫെയർപ്ലേ, സ്കൈ എക്സ്ചേഞ്ച്, ലോട്ടസ് 365 തുടങ്ങിയ മറ്റ് വാതുവെപ്പ് പ്ലാറ്റ്ഫോമുകളുമായും ഈ സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകളിലൂടെയോ ഇടനിലക്കാരുടെ സഹായത്തോടെയോ എടുത്ത ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ നിരവധി അക്കൗണ്ടുകളിലൂടെയാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ ഫണ്ടുകൾ പലതവണകളായി ഇടപാടുകൾ നടത്തി ഹവാല ചാനലുകൾ വഴി വിദേശത്തേക്ക് കടത്തുകയായിരുന്നു. തടസ്സങ്ങളില്ലാതെ പ്രവർത്തനം തുടരുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർക്ക് സിൻഡിക്കേറ്റ് കൈക്കൂലി നൽകിയതായും ഏജൻസികൾ വെളിപ്പെടുത്തുന്നു.
റാസൽ ഖൈമയിൽ നടന്ന 200 കോടി രൂപയോളം ചെലവിട്ട് നടത്തിയ വിവാഹത്തോടെയാണ് ചന്ദ്രാകറിന്റെ സാമ്പത്തിക വളർച്ച പൊതുജനശ്രദ്ധയിൽ വരുന്നത്. ഇന്ത്യയിൽ നിന്നും അതിഥികളെയും കലാകാരന്മാരെയും എത്തിക്കുന്നതിനായി ചാർട്ടേഡ് വിമാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ആഡംബര ഹോട്ടലുകൾ, വിപുലമായ അലങ്കാരങ്ങൾ, വിനോദ പരിപാടികൾ, ചെലവേറിയ യാത്രാ ക്രമീകരണങ്ങൾ എന്നിവയെല്ലാം ആഘോഷങ്ങളുടെ ഭാഗമായിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് കൈമാറിയ 112 കോടി രൂപയും ഏകദേശം 42 കോടി രൂപയുടെ ഹോട്ടൽ ബുക്കിംഗുകളും ഉൾപ്പെടെയുള്ള പണമിടപാടുകൾ പണമായും ഹവാല ചാനലുകൾ വഴിയുമാണ് നടത്തിയതെന്ന് ഇഡി ആരോപിക്കുന്നു.
ഇവന്റ് മാനേജ്മെന്റ് ഓർഗനൈസർമാരെയും ഹോട്ടൽ നടത്തിപ്പുകാരെയും ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വാതുവെപ്പ് സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകാൻ ഈ വിവാഹത്തിന് കഴിഞ്ഞു. 2026 മാർച്ചിൽ, ദുബായിലെ 18 സ്വത്ത് വകകളും ഡൽഹിയിൽ ഉൾപ്പെടെയുള്ള ഏകദേശം 1,700 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടുവിൽ നിന്ന് പാസ്പോർട്ടും ഇതിനകം സൗരഭ് ചന്ദ്രാകർ കരസ്ഥമാക്കിയിരുന്നു.
വിദേശ പൗരത്വവും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളും സൗരഭ് ചന്ദ്രാകറിനെ കണ്ടെത്താനും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങളിൽ നിർണ്ണായകമായി. മഹാദേവ് ആപ്പ് ഇതിനിടെ ഛത്തീസ്ഗഢിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ സിൻഡിക്കേറ്റിൽനിന്ന് കൈക്കൂലിയായി പണം കൈപ്പറ്റിയെന്ന് ഇഡിയുടെ കണ്ടെത്തലാണ് വിവാദങ്ങൾക്കടിസ്ഥാനം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ വിവാദത്തിന് തിരികൊളുത്തി. അന്നത്തെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലുമായി ബന്ധപ്പെട്ട് 508 കോടി രൂപയുടെ അനധികൃത പണമിടപാട് ആരോപിക്കപ്പെട്ടു. എന്നാൽ ഭാഗേൽ ഈ ആരോപണങ്ങൾ നിഷേധിക്കുകയും അവ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ ആരോപണങ്ങൾ ഇപ്പോഴും അന്വേഷണത്തിന്റെയും നിയമനടപടികളുടെയും പരിധിയിലാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് ഭാഗേലിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം, ഛത്തീസ്ഗഢ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ല്യു) 2024 മാർച്ചിൽ ഭാഗേൽ, ചന്ദ്രാകർ, ഉപ്പൽ, ശുഭം സോണി എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, ബെറ്റിംഗ് സിൻഡിക്കേറ്റുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറി. 2022 ഫെബ്രുവരി 16-നാണ് ചന്ദ്രാകർ ഇന്ത്യ വിട്ടത്. ആദ്യം ദുബായിലായിരുന്നു ചന്ദ്രാകർ പിന്നീട് ഒമാനിലേക്ക് മാറുകയായിരുന്നു. ഇന്റർപോൾ 'റെഡ് കോർണർ നോട്ടീസ്' പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒമാൻ അധികൃതർ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, സിബിഐയും ഇഡിയും ഇദ്ദേഹത്തെ വിട്ടുകിട്ടുന്നതിനായി അഭ്യർത്ഥന സമർപ്പിച്ചു. ഇന്ത്യൻ ഏജൻസികളും ഒമാൻ അധികൃതരും തമ്മിലുള്ള ഏകോപനത്തിനൊടുവിൽ, നവംബർ ഒന്നിന് ചന്ദ്രാകറിനെ ഇന്ത്യയിലെത്തിക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടുകൾ, വിദേശത്തുള്ള ആസ്തികൾ, സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയെന്ന് ആരോപിക്കപ്പെടുന്ന പണം എന്നിവയെക്കുറിച്ച് വ്യക്തമായ ഉത്തരം ഇയാളെ ചോദ്യം ചെയ്യലിലൂടെ വെളിപ്പെടുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഛത്തീസ്ഗഢ് രാഷ്ട്രീയത്തിലും ഇത് വലിയ കോളിളക്കം സൃഷ്ടിച്ചേക്കും.
Content Highlights: Saurabh Chandrakar transitioned from earning Rs 15,000 at a juice shop to running a massive international betting syndicate., The Mahadev Online Book app became the center of a major money laundering investigation by the ED and CBI., Chandrakar was extradited from Oman to India following an Interpol Red Corner Notice., Enforcement Directorate attached properties worth Rs 1,700 crore linked to the syndicate in March 2026.