സൗദി വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്: യൂട്യൂബര്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പോലീസ്

കൊച്ചി: സൗദി വനിതയെ കൊച്ചിയില്‍ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുട്യൂബര്‍ ഷാക്കിര്‍ സുബാന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് ആവശ്യപ്പെട്ടു. ഷാക്കിര്‍ വിദേശ യാത്രയിലായതിനാല്‍ കേസ് നടപടികള്‍ മന്ദഗതിയിലാണ്. ഇയാള്‍ നാട്ടിലെത്തിയാല്‍ മാത്രമേ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനാകൂ.
അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ചികിത്സാര്‍ഥം കൊച്ചിയില്‍ തുടരുന്ന സൗദി യുവതിയുടെ മൊഴിയെടുക്കല്‍ ഈ ആഴ്ച നടന്നേക്കും.
സെപ്റ്റംബര്‍ 13-ന് എറണാകുളത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന 29-കാരി സൗദി യുവതിയുടെ പരാതിയില്‍ ഷാക്കിറിനെതിരേ കഴിഞ്ഞ ദിവസമാണ് പോലീസ് കേസ് എടുത്തത്. ഹോട്ടലില്‍ വെച്ച് ഷാക്കിര്‍ സുബാന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. എന്നാല്‍, സൗദി യുവതി തന്റെ അടുത്ത് ജോലി അന്വേഷിച്ചാണ് എത്തിയതെന്നും ഹോട്ടലില്‍ എത്തിയത് യുവതി ഒറ്റയ്ക്കല്ലെന്നും ഷാക്കിര്‍ പറഞ്ഞിരുന്നു.
Content Highlights: saudi woman filed molestation case against mallu traveler shakir suban