50 രൂപ മുതൽ മദ്യം, ഏത് ബ്രാൻഡ് വേണമെങ്കിലും വിളിപ്പുറത്ത്; ഒളിച്ചുനടന്ന വിതരണക്കാരനെ കൈയോടെ പൊക്കി

ശാസ്താംകോട്ട: വിളിപ്പുറത്ത് മദ്യമെത്തിച്ചു നൽകുന്ന വിതരണക്കാരനെ കൈയോടെ പൊക്കി എക്സൈസ് സംഘം. എക്സൈസിനെ വട്ടംചുറ്റിച്ചു നടന്ന യുവാവിനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൊക്കിയത്. പോരുവഴി ശാസ്താംനടയ്ക്കു സമീപം താമസിക്കുന്ന കൃഷ്ണതീർഥംവീട്ടിൽ കൃഷ്ണകുമാർ(39)ആണ് അറസ്റ്റിലായത്. ഫോൺ വഴി ആവശ്യപ്പെടുന്നവർക്ക് ഏത് ബ്രാൻഡ് വിദേശമദ്യം വേണമെങ്കിലും വാതിൽപ്പടിയിലെത്തിച്ചു നൽകുന്നതാണ് രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുതുപിലാക്കാട് ഭാഗത്തുവെച്ച് സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തുന്നതിനിടെ ശാസ്താംകോട്ട എക്സൈസ് സർക്കിൾ സംഘമാണ് പിടികൂടിയത്. വാഹനവും എട്ട് ലിറ്റർ വിദേശമദ്യവും പാൻമസാലയും നാല്പത്തിരണ്ടായിരത്തോളം രൂപയും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈശാഖ് വി. പിള്ളയുടെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സൂര്യയും സംഘവുമാണ് പിടികൂടിയത്. മുൻപും പലതവണ മദ്യവിൽപ്പന നടത്തിയ കുറ്റത്തിന് കൃഷ്ണകുമാർ എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. വീട്ടിലെ പൂജാമുറിയിൽനിന്ന് 20 ലിറ്ററോളം മദ്യവും പണവും സ്കൂട്ടറും പിടികൂടിയിരുന്നു. കൂടാതെ സിനിമാപറമ്പ്-നെടിയവിള റൂട്ടിലെ പെട്രോൾപമ്പിനു പിന്നിലെ കാടുപിടിച്ച പുറമ്പോക്കിൽ മദ്യക്കച്ചവടം നടത്തുന്നതിനിടയിൽ എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെടുകയും തുടർന്നു നടത്തിയ പരിശോധനയിൽ 30 ലിറ്റർ മദ്യം കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. അൻപത് രൂപമുതൽ മദ്യം നൽകുമെന്നതിനാലും എവിടെ വിളിച്ചാലും എത്തും എന്നതിനാലും ഇടപാടുകാർ ഏറെയായിരുന്നു.
കൃഷ്ണകുമാറിനെ പിടികൂടാനായി ഉദ്യോഗസ്ഥരെത്തുമ്പോൾ സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു രീതി. അതിനാൽ ഇയാളെ പിടികൂടുക വളരെ പ്രയാസമായിരുന്നെന്നും ഇൻസ്പെക്ടർ സൂര്യ പറഞ്ഞു.
Content Highlights: A man named Krishnakumar was arrested in Sasthamcotta for illegal door-to-door liquor sales., The arrest was made by the Sasthamcotta Excise Circle team during a sale., Authorities seized 8 liters of foreign liquor, a scooter, and over ₹42,000 in cash., The accused is a repeat offender with a history of similar crimes and evading arrest.