നെടുങ്കണ്ടത്ത് വൻ ചന്ദന വേട്ട; 55 കിലോ ചന്ദനകാതൽ പിടികൂടി, അഞ്ച് പേർ അറസ്റ്റിൽ

നെടുങ്കണ്ടം/തൂക്കുപാലം: തൂക്കുപാലത്ത് അന്തസ്സംസ്ഥാന ചന്ദനമോഷണസംഘത്തിലെ അഞ്ചുപേർ പിടിയിൽ. പ്രതികളിൽനിന്ന് 55 കിലോഗ്രാം ചന്ദനകാതൽ പിടികൂടി. ഇതോടെ, കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.
ചോറ്റുപാറ കളത്തിൽ ബാബു (അങ്കിൾ-61), ചരുവിള പുത്തൻവീട് എസ്.അജികുമാർ(ബിജു-44), കോമ്പമുക്ക് തെള്ളിയിൽ വീട്ടിൽ ഹസൻകുഞ്ഞ്(57), തൂക്കുപാലം ബ്ലോക്ക് നമ്പർ 484-ൽ സച്ചു ബാബു(25), ചരുവിള പുത്തൻവീട്ടിൽ എസ്.ഷിബു(40) എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്.
പിടിച്ചെടുത്ത ചന്ദനത്തിന് 12 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യസൂത്രധാരനെ ഇനിയും കണ്ടുകിട്ടാനുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേരള പോലീസിന്റെ തണ്ടർ ബോൾട്ട് മുൻസേനാംഗം തൊടുപുഴ ഉടുമ്പന്നൂർ ചെരുവുപറമ്പിൽ സുനീഷ് ചെറിയാനെ (36) സന്ന്യാസിയോടയിൽനിന്ന് 45 കിലോ ചന്ദനവുമായി നവംബർ 11-ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഇവർക്കായുള്ള അന്വേഷണം തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ തൂക്കുപാലം പാമ്പാടുംപാറ എസ്റ്റേറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന സച്ചു, ഷിബു, അജികുമാർ എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യംചെയ്തപ്പോൾ ബാബുവിന്റെ പങ്കിനെപ്പറ്റി വിവരം ലഭിച്ചു. ബാബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചന്ദനം കണ്ടെത്തി. വാഹനത്തിലും ചന്ദനമുണ്ടായിരുന്നു. ഈ കാറും കസ്റ്റഡിയിൽ എടുത്തു. ബാബു നൽകിയ മൊഴിയെത്തുടർന്ന്, കോമ്പമുക്കിൽ പലചരക്കുകട നടത്തുന്ന ഹസൻകുഞ്ഞിന്റെ കടയിൽനിന്നു ചന്ദനം കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരനായ അഖിൽ (ലഗീരൻ) കർണാടകത്തിലേക്ക് കടന്നതായി സൂചനയുണ്ട്. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.
Content Highlights: sandalwood smuggling idukki, 55 kg of sandalwood seized and five people were arrested