സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട കേസ്: ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി മുംബൈ പോലീസ്. കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ വെള്ളിയാഴ്ച രാവിലെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ സെയ്ഫ് അലി ഖാനുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ എടുത്ത ആളല്ല ഇതെന്നാണ് മുംബൈ പോലീസിന്റെ വിശദീകരണം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് നടന്‍ ആക്രമിക്കപ്പെട്ടത്.
സെയ്ഫിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്ത കത്തിയുടെ ഭാഗം കൈപ്പറ്റിയതായും ബാക്കി ഭാഗത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുള്ളതായും പോലീസ് അറിയിച്ചു. ഗുരുതരപരിക്കേറ്റ് ലീലാവതി ആശുപത്രിയില്‍ ചികിത്സയിലുള്ള താരം അപകടനില തരണംചെയ്തതായി അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍ നിതിന്‍ ഡാങ്‌ഗെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ആക്രമണവുമായി ഏതെങ്കിലും അധോലോക സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും മോഷണശ്രമം മാത്രമാണ് നടന്നതെന്നുമാണ് നിഗമനമെന്നും മഹാരാഷ്ട്രാ ആഭ്യന്തര നഗര വികസന സഹമന്ത്രി യോഗേഷ് കദം പറഞ്ഞു.
'സെയ്ഫ് ഇതുവരെയും ഏതെങ്കിലും തരത്തിലുള്ള പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുകൂടിയാണ് സംഭവത്തില്‍ ഏതെങ്കിലും അധോലോകസംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയാന്‍ കഴിയാത്തത്. മോഷണശ്രമത്തിനിടെ ഉണ്ടായ പിടിവലിയിലാണ് സെയ്ഫിന് കുത്തേറ്റത് എന്നാണ് പോലീസിന്റെയും നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്,' മന്ത്രി പറഞ്ഞു. ആക്രമണ സമയത്ത് സെയ്ഫ് അലിഖാനൊപ്പം ഭാര്യ കരീന കപൂര്‍ ഖാനും മക്കളായ തൈമൂര്‍, ജെഹ് എന്നിവരും വീട്ടിലുണ്ടായിരുന്നു.
വീടിന്റെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെ നടന്നുപോകുന്ന അക്രമിയുടെ ചിത്രം പോലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള തിരച്ചില്‍ നടത്തുന്നത്. അതേസമയം, സെയ്ഫിനെ ഐ.സി.യു.വില്‍ നിന്ന് മാറ്റിയതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളാണ് ഏറ്റിരുന്നത്. ഇതില്‍ നട്ടെല്ലിനടക്കമുള്ള രണ്ടുപരിക്കുകളായിരുന്നു ഗുരുതരം. നട്ടെല്ലില്‍നിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെയാണ് നീക്കിയതെന്ന് ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി വെളിപ്പെടുത്തിയിരുന്നു.
Content Highlights: saif ali khan case nobody has been arrested says mumbai police