ശബരിമല ആടിയ ശിഷ്ടംനെയ്യിലെ ക്രമക്കേട്; സുനിൽകുമാർ പോറ്റി താമസിച്ചിരുന്ന വാടകവീട്ടിൽ വിജിലൻസ് പരിശോധന

പിറവം: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യിൽ ക്രമക്കേട് നടത്തിയ കേസിൽ അറസ്റ്റിലായ പതിമൂന്നാം പ്രതി കെ.ആർ. സുനിൽകുമാർ പോറ്റി പിറവം പാഴൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി.
പിറവം പോലീസ് സ്റ്റേഷന് സമീപവും പിന്നീട് പാഴൂരിലും സുനിൽകുമാർ പോറ്റി വാടകയ്ക്ക് താമസിച്ചിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് വിജിലൻസ് സംഘം പിറവത്തെത്തിയത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വിജിലൻസ് സംഘം പാഴൂരിലെത്തിയത്. പിറവം പോലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് സംഘമെത്തിയത്. സുനിൽകുമാർ പോറ്റി എന്ന പേരിൽ അറിയപ്പെടുന്ന സുനിൽകുമാർ ഭാര്യയും മൂന്ന് കുട്ടികളുമൊത്താണ് പാഴൂർ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ട് കൊല്ലത്തോളം ക്ഷേത്രത്തോട് ചേർന്ന വാടക വീട്ടിൽ താമസിച്ചു. പിന്നീട് ഒരു കൊല്ലത്തോളം മുൻപാണ് ക്ഷേത്രത്തിനും മാമ്മലക്കവലയ്ക്കുമിടയിലുള്ള ഇപ്പോഴത്തെ വീട്ടിലേക്ക് മാറിയത്. വീട്ടിൽ ജ്യോതിഷം നോക്കിയിരുന്നു.
റെയ്ഞ്ച് വിജിലൻസ് ഇൻസ്പെക്ടർ സി. വിനോദ്, എസ്‌ഐ ജോഷി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം നാല് മണിക്കൂറോളം വീട്ടിൽ പരിശോധന നടത്തി. വീട്ടിൽ രണ്ട് കുട്ടികൾ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു.
ആലപ്പുഴ അരൂർ സ്വദേശിയായ സുനിൽകുമാർ ദേവസ്വം ബോർഡ് പുനലൂർ ഗ്രൂപ്പിലെ ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. ഇക്കഴിഞ്ഞ മണ്ഡലം മകരവിളക്ക് ഉത്സവകാലത്താണ് ശബരിമല നെയ്യ് വിൽപ്പന കൗണ്ടറിൽ ജോലിക്കാരനായത്. ആടിയ ശിഷ്ടം നെയ്യിലെ ക്രമക്കേട് ദേവസ്വം വിജിലൻസ് വിഭാഗമാണ് കണ്ടെത്തിയത്. ആടിയ ശിഷ്ടം നെയ്യ് പായ്ക്കറ്റുകൾ വിറ്റുകിട്ടിയ തുക മുഴുവനായും കൗണ്ടറിലെ ജോലിക്കാർ ബോർഡിൽ അടച്ചില്ലെന്നും സ്റ്റോക്കിൽ ക്രമക്കേട് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയത്. ഈ വകയിൽ ബോർഡിന് 36,24,400 രൂപയുടെ നഷ്ടമുണ്ടായതായും വിജിലൻസ് കണ്ടെത്തി.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് ജനുവരി 14-നാണ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പത്തനംതിട്ട വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.
Content Highlights: Vigilance team inspects rented house of Sunil Kumar Potty, the 13th accused in the Sabarimala `aadiya shishtam neyy` irregularity case. Financial irregularities uncovered.