ഉത്തര്‍പ്രദേശില്‍ നാലുകോടിയുടെ മോഷണം നടത്തിയെന്ന് മുഹമ്മദ് ഇര്‍ഫാന്‍; ഭാര്യയില്‍നിന്ന് വിവരങ്ങൾ തേടി

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തി പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കൊച്ചി സൗത്ത് എ.സി.പി. പി. രാജ്കുമാര്‍, എസ്.എച്ച്.ഒ. പ്രേമാനന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇര്‍ഫാനെ ചോദ്യംചെയ്യുന്നത്.
ഉത്തര്‍പ്രദേശിലൊരിടത്തുനിന്ന് നാലുകോടിയുടെ മോഷണം താന്‍ നടത്തിയതായി ഇയാള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ മുന്‍പ് മോഷണം നടത്തിയിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷം ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ മോഷണത്തില്‍ 1.20 കോടിയുടെ ആഭരണങ്ങളാണ് ഇയാള്‍ അപഹരിച്ചത്. അത് മുഴുവനും കണ്ടെത്തി.
ഇര്‍ഫാന്റെ ഭാര്യയില്‍നിന്ന് വിവരങ്ങള്‍ തേടി
കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യയില്‍നിന്ന് പോലീസ് വിവരങ്ങള്‍ തേടി. ഫോണിലൂടെയാണ് ഇവരുമായി സംസാരിച്ചത്. കവര്‍ച്ചയില്‍ ഇര്‍ഫാന്റെ ഭാര്യ ഗുല്‍ഷന്‍ പര്‍വീണിനു പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണിത്. എന്നാല്‍, ഇവര്‍ ചോദ്യങ്ങളോട് കാര്യമായി പ്രതികരിച്ചില്ല. ഇവര്‍ സിതാര്‍മഡി ജില്ലാ അധ്യക്ഷയാണെന്നാണ് നേരത്തേ ലഭിച്ച വിവരം. അധ്യക്ഷ് ജില്ലാ പരിഷത്ത് സിതാര്‍മഡി എന്ന ബോര്‍ഡ് െവച്ച കാറിലാണ് പ്രതി കൊച്ചിയിലെത്തിയതും തിരികെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിച്ചതും. പ്രതി സഞ്ചരിച്ച വാഹനം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
Content Highlights: robbery at director joshiy home police interrogating the accused