റിവേഴ്സ് ഹവാലയിലൂടെ 2727 കോടി വിദേശത്തേക്ക്‌ കടത്തി; നടത്തിയത് 65,000-ൽ അധികം ഇടപാടുകൾ, ഇഡി അന്വേഷണം

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

കോഴിക്കോട്: റിവേഴ്സ് ഹവാലയിലൂടെ 2727 കോടി രൂപ വിദേശത്തേക്കുകടത്തിയ സംഭവത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണംതുടങ്ങി. ഇഡി ഉദ്യോഗസ്ഥർ ആദായനികുതി ഉദ്യോഗസ്ഥരിൽനിന്ന് കഴിഞ്ഞദിവസം വിവരങ്ങൾ ശേഖരിച്ച് തുടർനടപടികൾക്ക് തുടക്കമിട്ടു. 2021-2025 കാലയളവിൽ റിവേഴ്സ് ഹവാലയിലൂടെ 27,26,48,40,339 രൂപ വിദേശത്തേക്കെത്തിച്ചെന്നാണ് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തിയത്.

എൻആർഐ അക്കൗണ്ട് ഉടമകൾക്കുള്ള റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ചും വിദേശ ടൂർപാക്കേജുകളെന്ന പേരിലും ഒരു സ്വകാര്യബാങ്കുവഴി മാത്രമാണ് അഞ്ചുവർഷത്തിനിടെ ഇത്രയേറെ രൂപ വിദേശത്തേക്കുകടത്തിയത്.

നികുതിവെട്ടിച്ചും വ്യാജരേഖയുപയോഗിച്ചും അക്കൗണ്ടുകളിൽ കൃത്രിമംകാണിച്ചും നടത്തിയ ഇടപാടുകളായതിനാൽ, കടത്തിയത്‌ കള്ളപ്പണമാണെന്ന നിഗമനമുണ്ട്. ലഹരിമരുന്നുസംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും അനധികൃത സമ്പാദ്യം ബാങ്കുവഴിതന്നെ വിദേശത്തേക്ക് ഒഴുകിയതായാണ്‌ സംശയിക്കുന്നത്.

അൻപതോളം റഫറൽ ഏജന്റുമാർവഴിനടന്ന 65,000-ൽപ്പരം ഇടപാടുകളിലാണ് 2700 കോടി രൂപ കേരളത്തിൽനിന്നുമാത്രം കടത്തിയത്. യുഎഇയിലേക്കാണ് ഈ പണത്തിന്റെ കൂടുതലും അയച്ചിട്ടുള്ളത്. ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും കടത്തിയിട്ടുണ്ട്.

കോഴിക്കോട്ടെ ഐബിക്സ് ഹോളിഡേസ്, എക്സ്-ഫോറെക്സ്പെ ടെക്നോളജീസ് എന്നീ സ്ഥാപനങ്ങൾ ഒരു സ്വകാര്യബാങ്കിനെ ഉപയോഗിച്ച് എൻആർഐ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റിയതാണ് പ്രധാനമായി കണ്ടെത്തിയത്.

വിദേശത്തുള്ള സഹോദരസ്ഥാപനമായ ദുബായിലെ ഐബിക്സ് ഹോളിഡേസിലേക്ക് 243 കോടി രൂപ അയച്ചതും കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുപയോഗിച്ച് ബാങ്കിൽ കൃത്രിമംനടത്തിയതായും കണ്ടെത്തി. പ്രധാനമായും ഒരു ബാങ്കാണ് ഈ റിവേഴ്സ് ഹവാലയ്ക്ക് കൂട്ടുനിന്നതെങ്കിലും മറ്റ് അഞ്ച് സ്വകാര്യബാങ്കുകൾകൂടി റിവേഴ്സ് ഹവാലയിൽ പങ്കാളികളായതായി വിവരമുണ്ട്.

സാധാരണ അക്കൗണ്ടുകളിൽനിന്ന് ഫോറെക്സ് അക്കൗണ്ടിലേക്ക് ഫണ്ട് മാറ്റി, പിന്നീട് വിദേശത്തേക്ക് അയക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. യാത്രചെയ്യാത്തവരെ ചെയ്തെന്ന് രേഖകളുണ്ടാക്കി പല ട്രാവൽ ഏജന്റുമാരും തട്ടിപ്പിൽ ഭാഗമായിട്ടുണ്ട്. ഒരു യാത്രക്കാരന്റെപേരിൽ പലബാങ്കുകളിൽനിന്ന് ഫണ്ടുമാറ്റിയും തട്ടിപ്പുനടത്തിയിട്ടുണ്ട്.

Content Highlights: Enforcement Directorate (ED) launches investigation into ₹2727 crore reverse hawala scam Kozhikode