വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലി തർക്കം; റിട്ട. സിഐഎസ്എഫ് ജവാനെ മകൻ വെടിവെച്ചുകൊന്നു

ന്യൂഡൽഹി: വിരമിച്ചശേഷം ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനുള്ള യാത്രയിൽ, വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ റിട്ട. സിഐഎസ്എഫ് ജവാനെ മകൻ വെടിവെച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപുരിൽ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
ആറുമാസംമുൻപ് സർവീസിൽനിന്ന് വിരമിച്ച സബ് ഇൻസ്‌പെക്‌ടർ സുരേന്ദ്ര സിങ്ങാണ് (60) മരിച്ചത്. ഡൽഹി ജീവിതം അവസാനിപ്പിച്ച് കുടുംബത്തോടെ സ്വദേശത്തേക്ക് മടങ്ങാൻ ഇറങ്ങിയതായിരുന്നു. പെട്ടെന്നുള്ള പ്രകോപനത്തിൽ മകൻ ദീപക് (26) പിതാവിനുനേരേ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സുരേന്ദ്ര സിങ്ങിന്റെ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റുചെയ്ത പോലീസ് തോക്ക് പിടിച്ചെടുത്തു.
ഉത്തരാഖണ്ഡിലേക്ക് സാധനങ്ങൾ കയറ്റിക്കൊണ്ടുപോകാൻ വിളിച്ച വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നത് സംബന്ധിച്ച് അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുന്നിൽ ഇരിക്കണമെന്ന് സുരേന്ദ്ര കടുപ്പിച്ച് പറഞ്ഞതോടെ ദീപക് പ്രകോപിതനായി തോക്കെടുക്കുകയായിരുന്നു. ദീപക്കിന്റെപേരിൽ കൊലക്കുറ്റത്തിന് കേസെടുത്തു.
Content Highlights: retired CISF officer was shot dead by his son following an argument