ജിഎസ്ടി ഉദ്യോഗസ്ഥന് തോന്നിയ സംശയം തുമ്പായി, പിന്നാലെ സ്ഥലംമാറ്റം; ഫയൽ മരവിപ്പിച്ചത് ഒരുവർഷം

കാഞ്ഞങ്ങാട്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് വിദേശ അക്കൗണ്ടിലേക്ക് 126 കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേയുള്ള അന്വേഷണം തുടങ്ങിയിടത്തുതന്നെ നിന്നുപോകുകയായിരുന്നു. ഇതിന് പിന്നിലാരൊക്കെയായിരുന്നുവെന്ന ചോദ്യം ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്നു. മെസ്സി വരുന്നു, 126 കോടി ഇതിനായി കൈമാറി എന്നൊക്കെയുള്ള വിവരങ്ങൾ പ്രചരിക്കവെ, കാഞ്ഞങ്ങാട് ജി.എസ്.ടി. ഇന്റലിജൻസ് വിങ്ങിലെ ഒരു ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇങ്ങനെയൊരു അന്വേഷണത്തിലേക്ക് നീണ്ടത്.
മേലുദ്യോഗസ്ഥരുടെ അനുവാദത്തോടെ അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കാക്കനാട്ടെ ബാങ്ക് ശാഖയിൽ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. 126 കോടി രൂപ വിദേശത്തെ ഒരു അക്കൗണ്ടിലേക്ക് അയച്ചതായി ബോധ്യപ്പെട്ട ഉദ്യോഗസ്ഥൻ രണ്ടുമാസത്തെ പ്രാഥമിക അന്വേഷണത്തിനൊടുവിൽ, കഴിഞ്ഞവർഷം ഓഗസ്റ്റിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സമൻസ് അയച്ചു.
കാസർകോട് ബേക്കൽ ഫെസ്റ്റിവലിൽ വ്യാജ ടിക്കറ്റ് വിറ്റത് കണ്ടെത്തിയ ഈ ഉദ്യോഗസ്ഥനെ, സി.പി.എമ്മിന്റെ ഒരു എം.എൽ.എ. നോട്ടപ്പുള്ളിയായി വെച്ചിരിക്കുകയായിരുന്നു. എൽ.ഡി.എഫ്. സർക്കാരിന് ഒട്ടും താത്പര്യമില്ലാത്തതായിരുന്നു രണ്ടു കേസുകളും. പിന്നാലെ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. അതോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരേയുള്ള സമൻസിൻമേൽ തുടർനടപടിയുണ്ടായില്ല.
ജി.എസ്.ടി. തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ കഴിഞ്ഞസർക്കാരിന്റെ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റിയിരുന്നു. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന് മൂന്നാംമാസം വീണ്ടും പൊടിതട്ടിയെടുത്ത് ഈ ഫയലിൻമേൽ അന്വേഷണം തുടങ്ങി. സമൻസ് നൽകിയ ആൾക്ക് വിവരങ്ങൾ നൽകാൻ സാധാരണ നൽകുന്ന സമയമേ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും നൽകിയിട്ടുള്ളൂവെന്നും ഒരുതരത്തിലും അന്വേഷണത്തിന് മെല്ലെപ്പോക്കുണ്ടായിട്ടില്ലെന്നുമാണ് ഇവിടത്തെ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ഈ മാസം മൂന്നിനാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ചെയർമാൻ ആന്റോ അഗസ്റ്റിനെ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി. കാര്യാലയത്തിലെത്തിച്ച് മൊഴിയെടുത്തത്.
126 കോടി രൂപയ്ക്ക് റിവേഴ്‌സ് ചാർജ് വിഭാഗത്തിൽപ്പെടുത്തി 18 ശതമാനം നികുതിയായ 22.68 കോടി രൂപ അടയ്ക്കണമെന്നാണ് ജി.എസ്.ടി. വാദം. മെസ്സി വരാത്തതിനാൽ ഈ പണം അടയ്ക്കേണ്ടതില്ലെന്നാണ് ആന്റോ അഗസ്റ്റിൻ മൊഴിനൽകിയത്. എന്നാൽ, വിദേശ അക്കൗണ്ടിലേക്ക് പണം കൈമാറുമ്പോൾതന്നെ ജി.എസ്.ടി. അടയ്ക്കണമെന്നും മെസ്സി വന്നില്ലെങ്കിൽ ആ തുക ജി.എസ്.ടി.യിൽനിന്ന് ഈടാക്കാൻ കമ്പനിക്ക് കഴിയുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആന്റോ അഗസ്റ്റിനോട് നിരവധി ചോദ്യങ്ങളുന്നയിച്ചെങ്കിലും നാമമാത്ര ചോദ്യങ്ങൾക്കേ ഉത്തരം നൽകിയുള്ളൂ. ഇതിൽ തൃപ്തിയാകാത്ത ജി.എസ്.ടി. ഉദ്യോഗസ്ഥർ മുഴുവൻ രേഖകളുമായെത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
അന്വേഷണം ഏറ്റെടുക്കാൻ എസ്.ഐ.ടി.
ജി.എസ്.ടി. രൂപവത്കരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കാഞ്ഞങ്ങാട്ടെ ഈ കേസും ഏറ്റെടുത്തേക്കുമെന്നറിയുന്നു. ഒരുവർഷം ഫയൽ മരവിപ്പിച്ചതിന് പിന്നിൽ ആരൊക്കെയാണെന്നതിലും എസ്.ഐ.ടി.യുടെ അന്വേഷണം നീണ്ടേക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഇതുമായി ബന്ധപ്പെട്ട് നടത്തിയ കരാർ എന്താണെന്നതും ആർക്കൊക്കെയാണിതിൽ പങ്കെന്നും എസ്.ഐ.ടി.യുടെ അന്വേഷണത്തിൽ വരും. സ്‌പോൺസറാണെന്നാണ് കമ്പനി പറയുന്നത്. ആരുടെ സ്‌പോൺസർ എന്നതാകും അന്വേഷണത്തിലെ മറ്റൊരു ചോദ്യം. കേരള സർക്കാരാണെങ്കിൽ ഈ തുക കമ്പനിക്ക് നൽകിയതാരെന്നതിലേക്കും ചോദ്യമുയരും. സേവനം ഇംപോർട്ട് ചെയ്യുന്നതാണോ സ്‌പോൺസറാണോ എന്നതിലേക്കാകും ആദ്യ അന്വേഷണം.
Content Highlights: GST Intelligence is investigating Reporter Broadcasting Company over 126 crore INR transferred abroad for Lionel Messi's canceled visit., The probe faced delays and a whistleblower officer was transferred, but investigations have resumed under a Special Investigation Team (SIT)., GST authorities demand an 18% reverse charge tax amounting to 22.68 crore INR, while the company claims the tax is unwarranted since the visit did not happen.